ദോഹ: നന്മയും അഭിവൃദ്ധിയും വാഗ്ദാനം ചെയ്യുകയെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വാക്കുകൾ അന്വർഥമാക്കാൻ ഈ വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികൾക്ക് ദർബ് അൽ സാഇയിൽ തുടക്കമായി. ഇനിയുള്ള പത്ത് ദിവസം അൽ സദ്ദിലെ ദർബ് അൽ സാഇയിൽ ആഘോഷരാവുകളായിരിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം കൂടുതൽ മികവോടെ ദേശീയ ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ സ്വദേശികളും പ്രവാസികളുമടങ്ങുന്ന ഖത്തർ ജനത. ദേശീയദിനം ഡിസംബർ 18നാണെങ്കിലും ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ സന്ദർശകരെത്തുന്ന കേന്ദ്രമെന്ന നിലക്കാണ് ദർബ് അൽ സാഇ ശ്രദ്ധാകേന്ദ്രമാകുന്നത്. ഖത്തറിെൻറ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്നതിൽ ദർബ് അൽ സാഇ വലിയ പങ്കാണ് വഹിക്കുന്നത്.
പരമ്പരാഗത തമ്പുകളുടെയും കൂടാരങ്ങളുടെയും മാതൃകയിൽ നിർമ്മിച്ച സ്റ്റാളുകളിൽ സർക്കാർ, അർധ സർക്കാർ, സ്വകാര്യമേഖല എന്നിവയിൽ നിന്നുള്ള വിവിധ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും സന്ദർശകരെ കാത്ത് പവലിയനുയർത്തിയിട്ടുണ്ട്. ദർബ് അൽ സാഇയിലെ പാരമ്പര്യ രീതിയിലുള്ള മജ്ലിസുകളിൽ ഇനി കഹ്വയുടെ സുഗന്ധവും കവിതാലാപനവുമായി ഖത്തർ ജനത തങ്ങളുടെ പാരമ്പര്യത്തെ പുൽകും. കുട്ടികൾക്കും മുതിർന്നവർക്കുമുൾപ്പെടെ എല്ലാ പ്രായത്തിലുള്ളവർക്കും വ്യത്യസ്തമായ വിനോദ വിജ്ഞാന അവസരങ്ങളാണ് ദർബ് അൽ സാഇ ഒരുക്കിയി രിക്കുന്നത്. അതേസമയം, ദേശീയദിനം കെങ്കേമമാക്കുന്നതിനായി സ്വദേശികളും വിദേശികളും ഒരുക്കങ്ങൾ നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്. വീടുകളിലും വാഹനങ്ങളിലും സ്ഥാപനങ്ങളിലും ഖത്തറിെൻറ പതാകകളും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും പിതാവ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും ചിത്രങ്ങളും അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിപണികളും ഇതിനകം സജീവമായിട്ടുണ്ട്. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെയും വൈകിട്ട് നാല് മുതൽ 10 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ദർബ് അൽ സാഇയിലെ പവലിയനുകൾ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.