ദോഹ: പുസ്തക പ്രേമികളെ വായന ലോകത്തേക്ക് ക്ഷണിക്കുന്ന ഖത്തർ നാഷനൽ ലൈബ്രറി അംഗത്വ കാമ്പയിൻ അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം. ‘ക്യു.എൻ.എൽ ഫോർ ആൾ’ എന്ന പേരിൽ തുടങ്ങിയ സെപ്റ്റംബർ അംഗത്വ കാമ്പയിൻ ഈ മാസം അവസാനിക്കുന്നതോടെ സമാപിക്കും. അംഗത്വമെടുക്കുന്നവർക്ക് വായിച്ചു തീർക്കാൻ നൂറായിരം പുസ്തകങ്ങൾക്കൊപ്പം കൈ നിറയെ സമ്മാനവും ഒരുക്കിക്കൊണ്ടാണ് ദേശീയ ലൈബ്രറി മെംബർഷിപ് കാമ്പയിൻ തുടരുന്നത്.
ക്യു.എൻ.എൽ മൊബൈൽ ആപ് ഡൗൺലോഡ് അഞ്ച് പുസ്തകങ്ങൾ ഡിജിറ്റലായോ, നേരിട്ടോ ഈ വേളയിൽ വാങ്ങുന്നവരെയാണ് മെംബർഷിപ് കാലയളവിലെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുന്നത്. നവംബർ 17ന് നടക്കുന്ന നറുക്കെടുപ്പിലൂടെ രണ്ട് വിജയികളെ പ്രഖ്യാപിക്കും.
ഇതിനു പുറമെ, വായന പ്രോത്സാഹിപ്പിക്കുന്നതിന് മറ്റു മത്സരങ്ങളും നാഷനൽ ലൈബ്രറി ഒരുക്കുന്നുണ്ട്. 2023 -2024 വർഷങ്ങളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങളെടുത്ത 15 വായനക്കാർക്കാണ് സമ്മാനങ്ങൾ. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നൽകും.
മേഖലയിലെത്തന്നെ ഏറ്റവും വിശാലമായ പുസ്തക ശേഖരങ്ങളിലൊന്നാണ് ഖത്തർ ദേശീയ ലൈബ്രറി വായനക്കാർക്കായി വാഗ്ദാനം ചെയ്യുന്നത്. 20ഓളം ഭാഷകളിലായി ദശലക്ഷത്തിലേറെ പുസ്തകങ്ങൾ ലൈബ്രറി വായനക്കാർക്കായി തുറന്നുനൽകുന്നു. ഇതോടൊപ്പം ഡിജിറ്റൽ ആർകൈവ്സും ചിൽഡ്രൻ ലൈബ്രറി, മ്യൂസിക് സ്റ്റുഡിയോ, ഗ്രീൻ റും, മീഡിയ റൂം, പഠന-ഗവേഷണ റൂം എന്നിവയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.