ദോഹ: കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധം പുകയുന്നു. കോവിഡ് പ്രതിസന്ധിയിൽ വിവിധ പ്രയാസങ്ങളിൽപെട്ട് നട്ടംതിരിയുന്ന പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയും സമ്മർദവും നൽകുന്നതാണ് പുതിയ ചട്ടങ്ങൾ എന്നാണ് വ്യാപക ആക്ഷേപം. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നുകഴിഞ്ഞു. കൊറോണ വൈറസിെൻറ വകഭേദം യൂറോപ്പിലടക്കം വ്യാപകമായതിനെ തുടർന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത് ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. നാട്ടിലെ വിമാനത്താവളത്തിൽനിന്നുള്ള പരിശോധന ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സംസ്ഥാനസർക്കാർ പരിശോധന സൗജന്യമായി നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന (ആർ.ടി.പി.സി.ആർ) നടത്തി വീണ്ടും നാട്ടിെലത്തിയാൽ എയർപോർട്ടിൽ അതേ പരിശോധന വേണമെന്ന വിചിത്ര നിബന്ധന സർക്കാർ തിരുത്തണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
കുടുംബം പോറ്റാൻ വിദേശത്ത് പോയവർ കോവിഡ് കാലത്തെ ഒട്ടേറെ പ്രതിസന്ധികളിൽനിന്ന് ആശ്വാസത്തിന് നാടണയാൻ കൊതിക്കുമ്പോഴാണ് ഇരുട്ടടി പോലെ പുതിയ നിയമം നടപ്പിൽവരുന്നത്. ജോലി നഷ്ടപ്പെട്ടും രോഗം മൂർച്ഛിച്ചും ഒരു വർഷത്തിൽ അധികമായി നാട്ടിലുള്ള ഉറ്റവരെ കാണാൻ സാധിക്കാത്ത അവസ്ഥയിലുമൊക്കെയാണ് ഭൂരിപക്ഷവും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. അത്തരം ആളുകളിലേക്കാണ് പതിനായിരങ്ങളുടെ സാമ്പത്തിക ബാധ്യത പിന്നെയും സർക്കാർ കെട്ടിവെക്കുന്നത്, അധിക വിദേശരാജ്യങ്ങളിലും യാത്രാവശ്യം ടെസ്റ്റ് ചെയ്യാൻ പതിനായിരത്തിന് മുകളിലാണ് ഒരാൾ ചെലവഴിക്കേണ്ടിവരുന്നത്. ശേഷം നാട്ടിൽ എത്തുമ്പോൾ 1800 ൽ അധികം രൂപയുടെ ടെസ്റ്റ് പിന്നെയും നിർബന്ധന്ധമാക്കുന്നു. മറ്റു രാജ്യങ്ങളിൽ നിബന്ധനയില്ലാത്തവിധം കൊച്ചു കുഞ്ഞുങ്ങളെ പോലും ടെസ്റ്റിൽനിന്ന് ഒഴിവാക്കാതെ പതിനായിരങ്ങളുടെ ബാധ്യതയാണ് പ്രവാസികളുടെ മേൽ ചാർത്തുന്നത്. പ്രോട്ടോകോൾ അനുസരിച്ച് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും പരിശോധന നിർബന്ധമാണെങ്കിൽ അധിക ഗൾഫ് രാജ്യങ്ങളും അതത് രാജ്യത്ത് എത്തുന്ന മുഴുവൻ യാത്രക്കാർക്കും കോവിഡ് പരിശോധന സൗജന്യമായി ചെയ്യുന്നതുപോലെ സർക്കാർ സൗജന്യമായി ടെസ്റ്റിന് സംവിധാനം ഒരുക്കണം.
ഖത്തറിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് നേത്തേ പി.സി.ആർ ടെസ്റ്റിന് പകരം ഇഹ്തിറാസ് ആപ് മാനദണ്ഡമായി പരിഗണിച്ചിരുന്നത് തുടരുക, 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ടെസ്റ്റിൽനിന്ന് പൂർണമായും ഒഴിവാക്കുക, യാത്ര സംബന്ധിയായി സർക്കാർ ഇറക്കിയ അൽഗോരിതം ചാർട്ടിൽ പറയുന്നതുപോലെ പരിശോധന കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് ക്വാറൻറീൻ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും കൾച്ചറൽഫോറം ഉന്നയിച്ചു. പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി, സുഹൈൽ ശാന്തപുരം , മുഹമ്മദ് റാഫി, മജീദലി, ചന്ദ്രമോഹൻ, താസീൻ അമീൻ എന്നിവർ സംസാരിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ അന്താരാഷ്ട്ര യാത്രാക്കായി പുതുതായി കൊണ്ടുവന്ന നിർദേശങ്ങൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണെന്ന് സംസ്കൃതി. ഇന്ത്യയിൽ എത്തിച്ചേരുന്ന വിമാനത്താവളങ്ങളിൽ സ്വന്തം െചലവിൽ മോളിക്യുലാർ ടെസ്റ്റ് നടത്തണമെന്നും പറയുന്നു. വിദേശങ്ങളിൽനിന്ന് വൻ തുക മുടക്കി എടുക്കുന്ന കോവിഡ് ടെസ്റ്റിന് പുറമെ, നാട്ടിലെ ടെസ്റ്റ് െചലവുകൂടി വഹിക്കേണ്ടിവരുന്നത് സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. കോവിഡ് വാക്സിൻ എടുത്തവരുടെ കാര്യത്തിൽ കോവിഡ് ടെസ്റ്റ്, 14 ദിവസത്തെ ക്വാറൻറീൻ എന്നിവയിൽ ഇളവ് അനുവദിക്കുന്നില്ല. ഇത്തരം ആളുകളുടെ കാര്യത്തിൽ കോവിഡ് ടെസ്റ്റ്, ക്വാറൻറീൻ എന്നീ കാര്യങ്ങളിൽ ഇളവ് വേണം. മിക്കരാജ്യങ്ങളും ഇക്കാര്യത്തിൽ ഇളവ് നൽകുന്നുണ്ട്. പതിനാല് ദിവസത്തിൽ കുറഞ്ഞ കാലയളവിൽ മാത്രം രാജ്യത്ത് നിൽക്കുന്നവരുടെ കാര്യത്തിലും ക്വാറൻറീൻ വ്യവസ്ഥകളിൽ ഇളവ് വരുത്തിയിട്ടില്ല. ഇത്തരം ആളുകളുടെ കാര്യത്തിൽ ഇളവ് ലഭിക്കുന്നില്ലെങ്കിൽ അവരുടെ യാത്രകൊണ്ട് ഉപയോഗമില്ലാത്ത അവസ്ഥയാകും ഉണ്ടാക്കുക.
കുടുംബാംഗങ്ങൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ യാത്ര ചെയ്യാൻ ഡൽഹി എയർപോർട്ട് വെബ് സൈറ്റ് വഴി മുൻകൂട്ടി അപേക്ഷിക്കണമെന്നും അധികാരികൾ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കുമെന്നും വ്യവസ്ഥയിൽ പറയുന്നുണ്ട്. എന്നാൽ, അടിയന്തര യാത്ര ആവശ്യമായി വരുന്ന പ്രവാസികൾക്ക് ഈ വ്യവസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അടിയന്തരമായി ഈ വ്യവസ്ഥ പിൻവലിക്കുകയോ ലഘൂകരിക്കുകയോ ചെയ്യണം. ഇന്ത്യയിലേക്ക് നിത്യവും ധാരാളം പേർ ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഡൽഹി എയർപോർട്ട് വെബ് സൈറ്റ് മാത്രമെന്നത് തികച്ചും അപര്യാപ്തമാണെന്നും ഖത്തർ സംസ്കൃതി അറിയിച്ചു.
ഇന്ത്യയിലെ എയർപോർട്ടിൽ എത്തുന്ന ആളുകൾ പി.സി.ആർ ടെസ്റ്റ് വിധേയമാക്കണമെന്നും അതിെൻറ െചലവ് വ്യക്തികൾ സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര സർക്കാറിെൻറ പുതിയ യാത്രാമാനദണ്ഡം ഒഴിവാക്കണമെന്ന് ഐ.എം.സി.സി ഖത്തർ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടു ചികിത്സക്കായും മറ്റും നാട്ടിൽ വരുന്നവർക്കും പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തുനിന്നും വരുന്നവർക്ക് പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അത്തരമൊരു സർട്ടിഫിക്കറ്റുമായി നാട്ടിൽ എയർപോർട്ടിൽ വരുന്നയാൾ സ്വന്തം ചെലവിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്നത് അനാവശ്യമാണെന്നും ഐ.എം.സി.സി പറഞ്ഞു. നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ പരിശോധന നടത്തണം എന്ന നിബന്ധന പിൻവലിക്കണമെന്ന് ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ എരിയാൽ കേരള മുഖ്യമന്ത്രിക്കും എം.പിമാർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസികളെ കഷ്ടപ്പെടുത്തുന്ന പുതിയ കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കാൻ കേരള സർക്കാർ ശക്തമായ സമ്മർദം കേന്ദ്ര സർക്കാറിൽ ചെലുത്തണമെന്ന് മലപ്പുറം ജില്ല ഇൻകാസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡൻറ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി പൊന്നാനി പ്രമേയം അവതരിപ്പിച്ചു. ഷാഹുൽ ഹമീദ് സ്വാഗതവും അഷ്റഫ് വാകയിൽ നന്ദിയും പറഞ്ഞു. കേശവ്, അഷ്റഫ് നന്നമുക്ക്, സിദ്ധിക്ക്, ബഷീർ കുനിയിൽ, ശിഹാബ്, അനീസ്, സലീം എടശ്ശേരി, സലാം സി.എ., നൗഫൽ, മുസ്തഫ എന്നിവർ സംസാരിച്ചു.
നാട്ടിലെ വിമാനത്താവളങ്ങളിൽ വൻനിരക്കാണ് മോളിക്കുലാർ പരിശോധനക്ക് ഈടാക്കുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിൽ 1700 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരത്ത് 1200ഉം കോഴിക്കോട്ട് 1350ഉം ആണ് നിരക്ക്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നതും കേരളത്തിലാണ്. ഡൽഹിയിൽ 900, ലഖ്നോവിൽ 500 എന്നിങ്ങനെയാണ് നിരക്ക്. സ്വകാര്യ ഏജൻസികൾക്ക് കരാർ കൊടുത്തതിനാൽ അവർ നിശ്ചയിക്കുന്ന നിരക്കാണിത്.
അതേസമയം, ദിനേന ആയിരക്കണക്കിന് കോവിഡ് രോഗികളും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്ത അമേരിക്കയിൽനിന്ന് നേരിട്ട് ഇന്ത്യയിൽ എത്തുന്നവർക്ക് നാട്ടിൽ മോളിക്കുലാർ പരിശോധന ആവശ്യവുമില്ല. ഇത് ഏറെ വിചിത്രമാണെന്നും ആക്ഷേപമുണ്ട്. താരതമ്യേന കുറവ് രോഗികൾമാത്രം ഉണ്ടാകുന്ന, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ് ഗൾഫ് രാജ്യങ്ങൾ. എന്നിട്ടും അവിടങ്ങളിൽ നിന്ന് വരുന്നവർക്ക് നാട്ടിൽ എത്തിയാൽവീണ്ടും പരിശോധന നടത്തണമെന്ന് പറയുന്നത് അന്യായമാണെന്നാണ് പ്രവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.