ഖത്തർമഞ്ഞപ്പടയുടെ നേതൃത്വത്തിൽ അൽ റയാൻ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഐ.എസ്.എൽ ഫൈനൽ പ്രദർശനത്തിനെത്തിയ ആരാധകർ

കപ്പില്ലെങ്കിലും, അതിരില്ലാതെ ആവേശം

ദോഹ: 'പെനാൽറ്റി ഷൂട്ടൗട്ടിന്‍റെ ഭാഗ്യപരീക്ഷണത്തിൽ കപ്പ് കൈവിട്ടാലെന്താ, ഈ വിജയക്കുതിപ്പുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് കിരീട തുല്യമല്ലേ...' -അൽ റയാനിൽ ഖത്തർ മഞ്ഞപ്പടയൊരുക്കിയ ഐ.എസ്.എൽ ഫൈനലിന്‍റെ ബിഗ് സ്ക്രീൻ പ്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ മലബാറിലെയും കൊച്ചിയിലെയുമൊന്നും ആരാധകരുടെ വാക്കുകളിൽ പഴയതുപോലെ വലിയ നിരാശയില്ല.

പകരം, ഫൈനൽ വരെ സ്വപ്നക്കുതിപ്പ് നടത്തി, മികച്ച ഫുട്ബാൾ കാഴ്ചകൾ സമ്മാനിച്ച കോച്ച് ഇവാൻ വുകോമനോവിച്ചിനോടും സൂപ്പർതാരങ്ങളായ അഡ്രിയാൻ ലൂണയേടും അൽവാരോ വാസ്ക്വസിനോടുമെല്ലാമുള്ള നന്ദി മാത്രം.

ഫട്ടോർഡയിലെ നിറഗാലറിക്കും കൊച്ചിയിലെയും മലപ്പുറത്തെയും കോഴിക്കോട്ടെയും പടുകൂറ്റൻ സ്ക്രീനിലെ പ്രദർശനങ്ങൾക്കു മുന്നിലെ ആവേശത്തോടുമെല്ലാം ഒപ്പം നിൽക്കുന്നതായിരുന്നു ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ ഖത്തർമഞ്ഞപ്പടയുടെ നേതൃത്വത്തിൽ അൽ റയാൻ സ്കൂളിൽ ഒരുക്കിയ പ്രദർശനം.

വൈകീട്ട് അഞ്ചിന് കിക്കോഫ് കുറിക്കേണ്ട മത്സരത്തിന് നാലു മണിയാവുമ്പോഴേക്കും ആയിരങ്ങൾക്ക് ഒരുക്കിയ ഇരിപ്പിടവും നിറഞ്ഞുകവിഞ്ഞു. ബാൻഡ് വാദ്യവും ആഘോഷങ്ങളുമായി ഖത്തറിന്‍റെ പലഭാഗങ്ങളിൽനിന്നും മലയാളിക്കൂട്ടങ്ങൾ ഇരമ്പിയെത്തിയപ്പോൾ, സ്കൂളിന്‍റെ ഇൻഡോർ സ്റ്റേഡിയം കലൂർ സ്റ്റേഡിയത്തിന്‍റെ ചെറുപതിപ്പായി. ഫട്ടോർഡയിൽ വിസിൽ മുഴങ്ങുമ്പോഴേക്കും ഇരിപ്പിടവും കവിഞ്ഞ് ആൾക്കൂട്ടം നിറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഫുട്ബാൾ പ്രേമികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ആരവങ്ങളോടെയുള്ള തുടക്കം ഗോൾരഹിതമായി ആദ്യ പകുതി അവസാനിച്ചതോടെ തണുത്തു. എന്നാൽ, 68ാം മിനിറ്റിൽ മലയാളി താരം രാഹുൽ കെ.പിയുടെ മിന്നൽഗോളിലൂടെ മഞ്ഞക്കടലിരമ്പം അണപൊട്ടിയൊഴുകി.

ഫുൾടൈമിൽ ജയത്തോടെ കളി അവസാനിക്കുമെന്ന പ്രതീക്ഷകൾക്കിടെയായിരുന്നു 88ാം മിനിറ്റിൽ എല്ലാം നിശ്ശബ്ദമായത്. മറുപടി ഗോളോടെ കളി എക്സ്ട്രാ ടൈമിലേക്കു നീങ്ങുമെന്ന് ഉറപ്പായി.

പക്ഷേ, 90 മിനിറ്റിനുശേഷം, പ്രദർശനം മുടങ്ങിയതോടെ കളികാണാനെത്തിയവർ മടങ്ങിത്തുടങ്ങി.

എക്സ്ട്രാടൈമും പെനാൽറ്റി ഷൂട്ടൗട്ടും പിന്നിട്ട് ടീം തോറ്റപ്പോൾ, വലിയ സ്ക്രീനിൽ പ്രിയപ്പെട്ട മഞ്ഞപ്പടയുടെ തോൽവിയും കണ്ണീരും കാണേണ്ടിവന്നില്ല എന്നോർത്ത് ആശ്വസിക്കാം. ഖത്തർ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മഞ്ഞപ്പട പ്രദർശനം സംഘടിപ്പിച്ചത്.

Tags:    
News Summary - No cup, but boundless excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.