ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി അനുവദിച്ച ഹയ്യ വിസ വഴി ഖത്തറിലേക്ക് പ്രവേശിക്കാനുള്ള കാലാവധി ഫെബ്രുവരി 10ഓടെ അവസാനിച്ചു.
ഫെബ്രുവരി പത്തിന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവർക്ക് 24 വരെ ഖത്തറിൽ തുടരാം. ജനുവരി പത്തിന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസയുടെ കാലാവധി ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് ദീർഘിപ്പിക്കുകയായിരുന്നു. തീയതി കഴിഞ്ഞതിനു പിന്നാലെ നേരത്തെയുള്ള ഹയ്യ വിസക്കാർക്ക് കാലാവധി അവസാനിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ അറിയിപ്പുകൾ വന്നുതുടങ്ങി. അതേസമയം, ടൂറിസ്റ്റ് വിസകളായ ഹയ്യ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരും. ലോകകപ്പ് ഫുട്ബാള്‍ സമയത്ത് വിദേശികള്‍ക്ക് ഖത്തറിലേക്കുള്ള ഏക പ്രവേശന മാര്‍ഗമായിരുന്നു ഹയ്യ വിസ. ലോകകപ്പ് പിന്നാലെ വിനോദ സഞ്ചാര സാധ്യതകള്‍ മുന്‍നിര്‍ത്തി 2022 ജനുവരിയിലാണ് ഹയ്യ വിസയുടെ കലാവധി ഒരുവർഷത്തേക്ക് ദീർഘിപ്പിച്ചത്.
ഒപ്പം, വിദേശ കാണികളായ ഹയ്യ വിസ ഉടമകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖത്തറിലെത്തിക്കാനായി ‘ഹയ്യ വിത് മി’ വിസയും അനുവദിച്ചു. ഇതുവഴി മലയാളികൾ ഉൾപ്പെടെ ലക്ഷങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഖത്തറിൽ സന്ദർശനം നടത്തിയത്. ഇതിന്റെ കാലാവധി ജനുവരി 10നും 24നുമായി അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്. പിന്നീട്, ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കുകൂടി ദീർഘിപ്പിക്കുകയായിരുന്നു. ഹയ്യ, ഹയ്യ വിത്ത് മി വിസയില്‍ ഖത്തറില്‍ വന്നവര്‍ ഫെബ്രുവരി 24നകം മടങ്ങണം. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.