ദോഹ: ചെറിയ കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് വിമാനത്താവളത്തിലെ നടപടികൾ എളുപ്പമാക്കാൻ ഇനി പ്രത്യേക വരികളിലൂടെതന്നെ നീങ്ങാം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ സ്ക്രീനിങ്ങിനായി മറ്റു യാത്രികർക്കൊപ്പം കാത്തിരിക്കാതെ ‘ഫാമിലി’ ലൈൻ ഉപയോഗപ്പെടുത്തി നീങ്ങാമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇതോടൊപ്പം ലഗേജുകളും മറ്റും നീക്കാനും ജീവനക്കാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ സേവനങ്ങൾ ഉറപ്പാക്കാനും കുട്ടികളുമായുള്ള യാത്രയിലെ കാത്തിരിപ്പ് സമയം കുറക്കാനും സമ്മർദങ്ങൾ ഒഴിവാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സജ്ജീകരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രയുടെ അന്താരാഷ്ട്ര ഹബ്ബായി മാറിയ ഹമദിൽ വിപുലമായ സൗകര്യങ്ങളാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്.
അതിവേഗത്തിൽ സുരക്ഷാ, സ്ക്രീനിങ് നടപടികളും പൂർത്തിയാക്കാൻ കഴിയും. 95 ശതമാനം യാത്രക്കാരുടെയും സെക്യൂരിറ്റി നടപടികള്‍ക്കായി അഞ്ച് മിനിറ്റില്‍ താഴെ മാത്രമാണ് ചെലവഴിക്കുന്നത്.
അതേസമയംതന്നെ വിമാനത്താവളത്തില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ലോകത്തുതന്നെ യാത്രക്കാരുടെ സംതൃപ്തിയില്‍ ഏറെ മുന്നിലുള്ള വിമാനത്താവളങ്ങളിലൊന്ന് എന്ന നേട്ടവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. ദോഹ വഴി യാത്ര ചെയ്തിട്ടുള്ള 97.2 ശതമാനം യാത്രക്കാരും ഹമദിലെ സൗകര്യങ്ങളില്‍ സംതൃപ്തരാണെന്ന് രേഖപ്പെടുത്തുന്നു.
ബേബി ചേഞ്ചിങ് റൂം, കുടുംബ ശൗചാലയങ്ങൾ, കുട്ടികള്‍ക്കായി പ്ലേയിങ് ഏരിയകള്‍ തുടങ്ങിയവയും കുടുംബങ്ങള്‍ക്കായി ഹമ്ദ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ സൗകര്യങ്ങളിലൂടെ സമ്മര്‍ദങ്ങളില്ലാത്ത യാത്രയും മികച്ച അനുഭവവുമാണ് അധികൃതർ ലക്ഷ്യമിടുന്നത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.