ദോഹ: ഗ്രീൻ ലിസ്റ്റിലായിരുന്ന ഒമാനും കുവൈത്തും ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളെ റെഡ് ലിസ്റ്റിലേക്ക് മാറ്റിയും, (അതിതീവ്ര കോവിഡ് ബാധിത രാജ്യങ്ങൾ) എക്സപ്ഷണൽ റെഡ് ലിസ്റ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് ആറായി കുറച്ചും ഖത്തറിന്‍റെ പുതിയ യാത്രാപട്ടിക. മാറ്റങ്ങൾ ജനുവരി 30നു രാത്രി ഏഴുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് തീവ്രത തീരെ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽനിന്നും കൂടുതൽ പേരെ റെഡ് ലിസ്റ്റിലേക്ക് മാറ്റി.
ജനുവരി എട്ടുമുതലുള്ള നിലവിലെ പട്ടിക പ്രകാരം 143 രാജ്യങ്ങളായിരുന്നു ഗ്രീൻ ലിസ്റ്റിലെങ്കിൽ, പുതിയ മാറ്റങ്ങളോടെ ഇത് 117 ആയി മാറി. നേരത്തേ ഗ്രീൻ ലിസ്റ്റിലായിരുന്ന ഒമാൻ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ റെഡ്ലിസ്റ്റിലായി. സൗദി അറേബ്യ, യു.എ.ഇ എന്നിവ നേരത്തേതന്നെ റെഡ് ലിസ്റ്റിലാണുള്ളത്. ഈ രാജ്യങ്ങളിൽനിന്നുള്ള ഖത്തർ പൗരന്മാരും, റെസിഡന്‍റും ഒഴികെയുള്ള എല്ലാ യാത്രക്കാർക്കും രണ്ടു ദിവസ ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാണ്.
റെഡ്ലിസ്റ്റിലെ ആകെ രാജ്യങ്ങളുടെ എണ്ണം 57ൽ നിന്നും 86 ആയി ഉയർന്നു. അമേരിക്ക, ബ്രിട്ടൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളെല്ലാം റെഡ് ലിസ്റ്റിലാണുള്ളത്.
അതേസമയം, അതിതീവ്ര വിഭാഗമായി കണക്കാക്കുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റിന്‍റെ നീളം കുറഞ്ഞു. ഒമ്പതിൽനിന്ന് ആറായാണ് ചുരുക്കിയത്. എന്നാൽ, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, നേപ്പാൾ, ഈജിപ്ത്, ബംഗ്ലാദേശ് രാജ്യങ്ങൾ എക്സപ്ഷണൽ റെഡ്ലിസ്റ്റിൽതന്നെയാണ്. കഴിഞ്ഞതവണ റെഡ്ലിസ്റ്റിലേക്ക് മാറ്റിയ ഫിലിപ്പീൻസിനെ വീണ്ടും ഇതേ പട്ടികയിലേക്ക് മാറ്റി. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെടുത്തിയ സിംബാബ്വെ, നമീബിയ, ലെസൂട്ടു, ബൊട്സ്വാന രാജ്യങ്ങളെ റെഡ്ലിസ്റ്റിലേക്ക് മാറ്റി. രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് തിരുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.