ദോഹ: സ്പീഡ് ട്രാക്കിലൂടെ (റോഡിലെ ഇടത്തേയറ്റത്തെ പാത) നിശ്ചയിച്ച പരിധിയിലും കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നത് ഗതാഗത നിയമത്തിലെ വകുപ്പ് 53 പ്രകാരം കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം.
ഹൈവേകളിലെ ഈ പാതയിൽ വേഗം കുറച്ച് വാഹനമോടിക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുകയും റോഡ് ഉപയോക്താക്കൾ വാഹനാപകടങ്ങളിൽപെടുന്നതിന് കാരണമാകുകയും ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ ഭാരം, കാലാവസ്ഥ സാഹചര്യങ്ങൾ ഇതൊന്നുമല്ലാത്ത കാരണങ്ങളാൽ വേഗമേറിയ ട്രാക്കിലൂടെ പതുക്കെ വാഹനമോടിക്കുന്നത് മറ്റു വാഹനങ്ങളുടെ നീക്കത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുമെന്ന് വകുപ്പ് 53ൽ പറയുന്നു. ഇത് കടുത്ത ഗതാഗത നിയമലംഘനമാണെന്നും ഈ നിയമലംഘനം നടത്തുന്നവർക്ക് 3000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും ഗതാഗത നിയമത്തിലെ തന്നെ വകുപ്പ് 95ൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, റോഡുകളിൽ നിശ്ചയിച്ച വേഗപരിധിയിൽ കവിഞ്ഞ് വാഹനമോടിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്. പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, റെസ്ക്യൂ വാഹനങ്ങൾ, അടിയന്തര സേവനം, രോഗിയെയോ പരിക്കേറ്റവരെയോ കൊണ്ട് പോകുന്ന വാഹനങ്ങൾ ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
കാൽനട യാത്രക്കാർക്കുള്ള ക്രോസിങ്ങുകൾ, ജനവാസ മേഖലകൾ, വളവുകൾ, ചരിവുകൾ, ക്രോസ് റോഡുകൾ, കവലകൾ, റൗണ്ട് എബൗട്ടുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവക്ക് സമീപത്തും ആശുപത്രികൾക്കും സ്കൂളുകൾക്കും അടുത്തെത്തുമ്പോഴും വാഹനങ്ങളുടെ വേഗം കുറക്കാനും നിയമം അനുശാസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.