ദോഹ: കഴിഞ്ഞ മാസത്തിൽ ഖത്തറിലെ തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിൽ വർധന രേഖപ്പെടുത്തി. മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയാണ് ചരക്ക് നീക്കത്തിലുണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തിൽ മാത്രം 121,739 ടി.ഇ.യു കണ്ടെയ്നറുകളാണ് ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലെത്തിയത്. ഇതിൽ 64,888 ടൺ ജനറൽ കാർഗോ, 37,126 കാലികൾ എന്നിവ ഉൾപ്പെടും. മുൻ വർഷത്തെ അപേക്ഷിച്ച് കാലികളുടെ എണ്ണത്തിൽ 28 ശതമാനത്തിൻെറ വർധനയുണ്ടായിട്ടുണ്ടെന്ന് മവാനി ഖത്തർ അറിയിച്ചു. കൂടാതെ 34929 ടൺ കെട്ടിട നിർമാണ സാധനങ്ങൾ, 5519 യൂനിറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടും. ജൂലൈയിൽ 298 കപ്പലുകളാണ് തുറമുഖങ്ങളിൽ നങ്കൂരമിട്ടത്.
ജനറൽ കാർഗോ, കെട്ടിട നിർമാണ സാധനങ്ങൾ തുടങ്ങി എല്ലാവിധ ചരക്കുകളുടെ അളവിലും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യപകുതിയിൽ 819,253 ടി.ഇ.യു കണ്ടെയ്നറുകളാണ് ഖത്തർ തുറമുഖങ്ങളിലെത്തിയതെന്നും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഹമദ് പോർട്ട് വഴിയുള്ള ട്രാൻസ്ഷിപ്മെൻറിൽ 86 ശതമാനത്തിൻെറ വർധനയാണ് രേഖപ്പെടുത്തിയത്. മേഖലയിലെ പ്രധാന ട്രാൻസ്ഷിപ്മെൻറ് ഹബ്ബായി ഹമദ് തുറമുഖം മാറുന്നതിൻെറ സൂചനകളാണിത്.
കുവൈത്ത്, ഇറാഖ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കങ്ങളിൽ ഹമദ് തുറമുഖം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഖത്തറിൻെറ സാമ്പത്തിക വൈവിധ്യവത്കരണത്തിലും ഹമദ് തുറമുഖം നിർണായക ഘടകമാണ്.
ലോക വാണിജ്യ മേഖലയിലേക്കുള്ള ഖത്തറിൻെറ പ്രധാന കവാടം കൂടിയാണ് ഹമദ് തുറമുഖം. സാമ്പത്തിക മേഖലയിൽ റുവൈസ് തുറമുഖവും വലിയ പങ്ക് വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.