ദോഹ: നീണ്ട നാലുവർഷത്തെ ഉപരോധത്തിനു ശേഷം സൗദിയിലേക്ക് ഖത്തറിൻെറ പുതിയ അംബാസഡർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദിയിലെ പുതിയ സ്ഥാനപതിയായി നിയമിച്ചത്. 2017ൽ നാല് അറബ് രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് ഇരുരാജ്യത്തിനുമിടയിലെ നയതന്ത്ര ബന്ധം മുറിഞ്ഞത്. ഉപരോധം ഈ വർഷം ജനുവരിയിൽ അവസാനിച്ചതോടെ, ജൂണിൽ സൗദി തങ്ങളുടെ ഖത്തറിലേക്കുള്ള അംബാസഡറെ പ്രഖ്യാപിക്കുകയും അദ്ദേഹം ദോഹയിലെത്തി സ്ഥാനമേൽക്കുകയും ചെയ്തിരുന്നു.
ഇതിൻെറ തുടർച്ച എന്ന നിലയിലാണ് റിയാദിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിൻെറ പ്രവർത്തനം ഖത്തർ പൂർവസ്ഥിതിയിലാക്കുന്നത്. ബന്ദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അതിയ്യയെ സൗദി സ്ഥാനപതിയായി നിയമിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ബുധനാഴ്ച ഉത്തരവ് പുറത്തിറക്കി. വൈകാതെതന്നെ അദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും. നേരത്തേ കുവൈത്തിലും ഖത്തർ സ്ഥാനപതിയായി പ്രവർത്തിച്ചിരുന്നു.
സൗദിക്ക് പുറമെ, ഉപരോധത്തിൽ പങ്കാളിയായിരുന്ന ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഇരുരാജ്യവും കഴിഞ്ഞ മാസംതന്നെ പരസ്പരം അംബാസഡർമാരെ നിയമിച്ചിരുന്നു. എന്നാൽ, യു.എ.ഇ, ബഹ്റൈൻ എന്നിവർ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
സൗദിക്ക് പുറമെ, ബെല്‍ജിയം, പനാമ, ക്യൂബ, ഇറ്റലി, ജോര്‍ജിയ എന്നിവിടങ്ങളിലേക്കുള്ള അംബാസഡര്‍മാരെയും അമീര്‍ പ്രഖ്യാപിച്ചു. ഈജിപ്ത്, തുർക്കി എന്നിവടങ്ങളിൽ പുതിയ സ്ഥാനപതിമാർ കഴിഞ്ഞ മാസം ചുമതലയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.