ദോഹ: സെമിയിൽ പുറത്തായെങ്കിലും ഹൃദയങ്ങൾ കീഴടക്കി, തല ഉയർത്തി തന്നെ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിൽ നിന്നും ഖത്തറിെൻറ മടക്കം. ആതിഥേയരായ അമേരിക്കക്കെതിരെ വീറുറ്റ പോരാട്ടം കാഴ്ചവെച്ച ശേഷം 1-0ത്തിന് വീണ ഖത്തറിന് ഏറെ അഭിമാനിക്കാം. 2022ൽ സ്വന്തം മണ്ണ് വേദിയാവുന്ന വിശ്വമേളയിലേക്ക് അണിയറയിൽ ഒരുങ്ങുന്നത് കരുത്തരായ ടീമെന്നു തന്നെ ഖത്തർ ലോകത്തിനു മുന്നിൽ തെളിയിച്ചു.
ഖത്തറിെൻറ ദേശീയ പതാകയും അമേരിക്കൻ പതാകയും പാറിക്കളിച്ച ഗാലറിയെ സാക്ഷിയാക്കി നടന്ന ആവേശപ്പോരാട്ടത്തിൽ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. എന്നാൽ, രണ്ടാം പകുതിയിലെ 61ാം മിനിറ്റിൽ ഖത്തറിന് അനുകൂലമായി പെനാൽട്ടി ലഭിച്ചു. വാറിലൂടെയാണ് പെനാൽട്ടി ലഭിച്ചത്.പക്ഷേ, ഖത്തറിെൻറ നായകൻ ഹസൻ അൽ ഹൈദോസിന് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മത്സരത്തിൽ മുൻതൂക്കം നേടി കളിപിടിക്കാനുള്ള നിർണായക അവസരമായിരുന്നു പാഴായത്.
തുടർന്നുള്ള മിനിറ്റിൽ നിർണായക അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ തുടർച്ചയായി നടത്തിയ അമേരിക്ക ഊർജം തിരിച്ചുപിടിച്ചു. അതിന് ഫലം 86ാം മിനിറ്റിൽ പിറക്കുകയും ചെയ്തു. അവസാന മിനിറ്റിൽ ആക്രമിച്ചു കളിക്കാനുള്ള ഖത്തറിെൻറ ശ്രമങ്ങൾക്കിടെ പ്രതിരോധത്തിൽ സംഭവിച്ച പിഴവ് മുതലെടുത്ത് ഗ്യാസി സർദസ് ആണ് അമേരിക്കയുടെ വിജയ ഗോൾ കുറിച്ചത്.
ആദ്യപകുതിയിൽ അബ്ദുൽ അസീസ് ഹാതിമിനും, അഫിഫിക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം വിനയായി. ഗ്രൂപ് റൗണ്ട് മുതൽ ഒരു മത്സരവും തോൽക്കാതെയാണ് ഖത്തർ സെമി വരെയെത്തിയത്. ഫൈനലിൽ മെക്സികോയാണ് അമേരിക്കയുടെ എതിരാളി. രണ്ടാം സെമിയിൽ കാനഡയെ 2-1ന് തോൽപിച്ചാണ് മെക്സികോ ഫൈനലിലേക്ക് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.