ദോഹ: രണ്ടും ദിവസം കൊണ്ട് ദോഹയിൽ നിന്നും ഗസ്സയിലേക്ക് മരുന്നും ഭക്ഷണവുമായി പറന്നത് പത്തു വിമാനങ്ങൾ. ഞായറാഴ്ചയും, തിങ്കളാഴ്ചയുമായി അഞ്ച് വിമാനങ്ങൾ വീതമാണ് ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് ഖത്തറിന്റെ സഹായവുമായി എത്തിയത്.
മാനുഷിക സഹായ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലെ സംഘം തെക്കൻ ഗസ്സയിലെത്തിയതിനു പിന്നാലെയാണ് സഹായ പ്രവാഹം ഖത്തർ ഇരട്ടിയാക്കിയത്.
ഞായറാഴ്ച ഖത്തരി വ്യോമസേനയുടെ അഞ്ചു വിമാനങ്ങളാണ് മരുന്നും ഭക്ഷ്യണവും ഉൾപ്പെടെ 144 ടൺ വസ്തുക്കളുമായി ഗസ്സയിലെത്തിയത്. 1000 ടെന്റുകൾ, അരിയും ധാന്യങ്ങളും ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ, ആശുപത്രി ഉപകരണങ്ങൾ, ആംബുലൻസ് എന്നിവയാണ് പ്രധാനമായും വിമാനങ്ങളിൽ എത്തിച്ചത്. തിങ്കളാഴ്ച അൽ അരിഷിലെത്തിയ അഞ്ചു വിമാനങ്ങളിൽ 156 ടൺ വസ്തുക്കൾ എത്തിച്ചു. ഇതോടെ ഒക്ടോബർ ഏഴു മുതൽ 26 വിമാനങ്ങളിലായി 879 ടൺ ദുരിതാശ്വാസവസ്തുക്കൾ ഖത്തർ ഈജിപ്ത് വഴി ഗസ്സയിലെത്തിച്ചു.
ഖത്തർ റെഡ് ക്രസന്റും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും സംയുക്തമായാണ് ഗസ്സയിലേക്കുള്ള സഹായങ്ങൾ സജ്ജമാക്കുന്നത്. ഞായറാഴ്ച രാവിലെ റഫ അതിർത്തി കടന്ന് തെക്കൻ ഗസ്സയിലെത്തിയ മന്ത്രി ലുൽവ അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥിതിഗതികൾ വിലയിരുത്തി. മേഖലയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഏകോപിപ്പിക്കാനും കൂടുതൽ രാജ്യങ്ങളിൽ നിന്നും എത്തിക്കാനും വേണ്ടിയാണ് ഖത്തർ പ്രതിനിധി സംഘം ഗസ്സയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.