ദോഹ: നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയിലേക്ക് ഖത്തറിനെ നിർദേശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മൂന്നു ദിവസത്തെ പര്യടനത്തിനിടയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അമേരിക്കൻ പ്രസിഡന്‍റ് ഖത്തറിനെ പ്രധാന സൗഹൃദ രാഷ്ട്രമെന്ന നിലയിൽ നാറ്റോ ഇതര സഖ്യരാജ്യ പദവിയിലേക്ക് നിർദേശിച്ചത്.
അമേരിക്കയുമായുള്ള ദീർഘകാലത്തെയും സൗഹൃദവും നയന്ത്ര പ്രധാന്യവും പരിഗണിച്ചാണിത്. ഇക്കാര്യം കോൺഗ്രസിനോട് നിർദേശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് വ്യക്തമാക്കി.
നാറ്റോ ഇതര സഖ്യപദവിയിലേക്ക് മാറുന്നതോടെ അമേരിക്കയുമായി സാമ്പത്തിക, സൈനിക മേഖലകളിൽ പ്രത്യേക പദവിയും ആനുകൂല്യങ്ങൾക്കും ഖത്തറിന് അർഹതയുണ്ടാവും. പ്രതിരോധ ഇടപാടുകള്‍, സുരക്ഷാ സഹകരണം, ആയുധ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഖത്തറിന് മുന്‍ഗണന ലഭിക്കും.
അമേരിക്കയുമായി നയതന്ത്ര-സാമ്പത്തിക മേഖലകളിലെ അടുത്ത ബന്ധത്തിന്‍റെ പ്രതീകമായാണ് പ്രധാന നാറ്റോ ഇതര സഖ്യ പദവി നൽകുന്നത്. സൗഹൃദരാജ്യങ്ങളോടുള്ള അമേരിക്കയുടെ ബഹുമാനവും ആദരവുമാണ് ഇതുവഴി പ്രകടിപ്പിക്കുന്നതെന്ന് അമേരിക്കൻ പ്രതിരോധ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് മേഖലയിൽനിന്നും അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യമായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ. 2004ൽ ജോർജ് ഡബ്ല്യു. ബുഷ് സർക്കാർ കുവൈത്തിനെ ഉൾപ്പെടുത്തിയിരുന്നു. മറ്റൊരു രാജ്യം ബഹ്റൈനാണ്.
പ്രാധാന നാറ്റോ ഇതര സഖ്യങ്ങളുടെ പട്ടികയിലെ 19-ാമത്തെ രാജ്യമാണ് ഖത്തർ. ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായിരിക്കെ 2019ൽ ബ്രസീലിനെ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ് പട്ടികയിലേക്ക് പുതിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.