ദോഹ: ബീച്ചുകളിലും പൂളുകളിലും മുങ്ങിമരണമുൾപ്പെടെ കുട്ടികൾ അപകടങ്ങളിൽപെടുന്നത് കൂടുന്നു. ഇതിനാൽ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിച്ചിരിക്കണമെന്നും കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ആവശ്യപ്പെട്ടു. ലോകത്താകമാനം മരണത്തിനിടയാക്കുന്ന മൂന്നാമത്തെ കാരണമാണ് വെള്ളത്തിൽ മുങ്ങിയുള്ളത്. ആകെ അപകട മരണങ്ങളിൽ മുങ്ങിമരണം ഏഴ് ശതമാനം വരുമെന്നും എച്ച്.എം.സി ഹമദ് ഇൻറർനാഷണൽ ട്രെയിനിംഗ് സെൻറർ മേധാവിയും എമർജൻസി മെഡിസിൻ സീനിയർ കൺസൾട്ടൻറുമായ ഡോ. ഖാലിദ് അബ്ദുൽ നൂർ പറഞ്ഞു.
ആയിരക്കണക്കിനാളുകളാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി മുങ്ങിമരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളാണ്. ഖത്തറിൽ കുട്ടികൾക്കിടയിലുള്ള മുങ്ങി മരണം വർധിച്ചു വരികയാണെന്നും രാജ്യത്ത് മുങ്ങിമരിക്കുന്നവരിൽ 90 ശതമാനവും 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണെന്നും ഇതിൽ തന്നെ 70 ശതമാനത്തോളം നാല് വയസ്സിന് താഴെയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൂടുകുടുതലുള്ള ഈ സമയങ്ങളിൽ കൂടുതലായും ബീച്ചുകളിലും വീടുകളിലെയും പുറത്തുമുള്ള സ്വിമ്മിംഗ് പൂളുകളിലുമാണ് കുട്ടികളും രക്ഷിതാക്കളും ഒഴിവ് സമയം ചെലവഴിക്കുന്നത്. കുട്ടികളെ ഇത്തരം സന്ദർഭങ്ങളിൽ തനിച്ചാക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. രക്ഷിതാക്കൾ അതിജാഗ്രത പാലിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വീടുകളിലെ സ്വിമ്മിംഗ് പൂളിന് ചുറ്റും ശക്തിയേറിയ വേലി ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
ബീച്ചുകളിൽ പോകുന്നതിന് മുമ്പ് രക്ഷിതാക്കൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ശക്തമായ കാറ്റിൽ നിന്നും തിരമാലകളിൽ നിന്നും സംരക്ഷണം നേടാൻ ഇത് പ്രയോജനപ്പെടുമെന്നും ഹമദ് ഇൻറർനാഷണൽ ട്രെയിനിംഗ് സെൻറർ ഹെൽത്ത് എജ്യുക്കേൻ ആൻഡ് കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ അസി. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് യൂനിസ് പറഞ്ഞു. ബീച്ചുകളിലും പൂളുകളിലും കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട ഭാഗങ്ങളിൽ മാത്രം അവരെ ഇറക്കണം. കുട്ടികളുടെ മേൽ എപ്പോഴും രക്ഷിതാക്കളുടെ നിരീക്ഷണം ഉണ്ടായിരിക്കണം. ചെറിയ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഡോ. യൂനിസ് വ്യക്തമാക്കി. കുട്ടികൾക്ക് സ്വിമ്മിംഗ് ജാക്കറ്റ് പോലെയുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. കൃത്രിമ ശ്വാസം നൽകുന്നതിെൻറ പ്രാധാന്യം അവരെ പഠിപ്പിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.വീടുകളിലെ ബാത്ത് ടബ്ബുകളിലും കുട്ടികൾ പ്രവേശിക്കുന്നത് ഒഴിവാക്കണം. ബാത്ത് ടബ്ബുകളുടെ ഉപയോഗം കഴിയുന്നതോടെ ടോയ്ലെറ്റുകളുടെ വാതിലുകൾ അടച്ചിടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.