ദോഹ: കോവിഡ്-19നെ നേരിടുന്നതിൽ അന്താരാഷ്ട്ര തലത്തിൽ അസാധാരണ നേട്ടമാണ് ഖത്തർ കൈവരിച്ചിരിക്കുന്നത്. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാതെയാണ് സൂക്ഷ്മവിലയിരുത്തൽ നടത്തി കൃത്യമായ ആസൂത്രണത്തോടെ കോവിഡിനെ മെരുക്കിയത്. നിലവിൽ എല്ലാ ദിവസവും രോഗികൾ ഏറെ കുറവാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണമാകട്ടെ എല്ലാ ദിവസവും കൂടുതലുമാണ്. ഫെബ്രുവരിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇതുവരെ 1,00,945 പേരിലാണ് കോവിഡ്-19 പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇതിൽ 94,903 പേർ രോഗമുക്തി നേടിക്കഴിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം പൊതു ആരോഗ്യവകുപ്പ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം നടത്തിയ വാർത്തസേമ്മളനത്തിൽ പറഞ്ഞിരുന്നു. ലോകാടിസ്ഥാനത്തിൽ കോവിഡ്-19 മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ.
കോവിഡ്-19നെ നേരിടുന്നതിനും പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിനും പ്രധാന പിന്തുണ നൽകിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും അദ്ദേഹത്തിെൻറ മഹത്തായ കാഴ്ചപ്പാടുകൾക്കും നിർദേശങ്ങൾക്കും നന്ദി അറിയിക്കുകയാണെന്നും ഡോ. മുഹമ്മദ് ആൽഥാനി പറഞ്ഞു.
94,903 പേരും രോഗമുക്തി നേടിയത് കോവിഡ്-19 പ്രതിരോധ മേഖലയിലെ അസാധാരണ നേട്ടം തന്നെയാണ്. നമുക്കെല്ലാവർക്കും ഇതിൽ അഭിമാനിക്കാം. പ്രതിദിനം രാജ്യത്ത് പുതിയ കേസുകൾ കുറഞ്ഞുവരുന്നതും രോഗമുക്തർ വർധിച്ചുവരുന്നതും ശുഭസൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിെൻറ ഉയർന്ന ഘട്ടം പിന്നിട്ടതോടെ കടുത്ത ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും നിലനിർത്തിക്കൊണ്ടുതന്നെ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്.
കോവിഡ്-19നെ പ്രതിരോധിക്കുന്നതിനും സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാക്കുന്നതിനും രാജ്യത്തെ ഓരോ വ്യക്തിയും പ്രതിബദ്ധതയുള്ളവരായിരിക്കണം. നിയന്ത്രണങ്ങൾ സുരക്ഷിതമായി പിൻവലിക്കുന്നതിനും സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനും വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളുമായി ചേർന്ന് പൊതുജനാരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് ഈ ഘട്ടത്തിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയും സഹകരിക്കുകയും വേണം. പ്രധാനപ്പെട്ട ചില സൂചകങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. വ്യക്തികളുടെ അലംഭാവം കാരണം ഇതിലേതെങ്കിലുമൊന്നിനെ ബാധിച്ചാൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടിവരും. ഇങ്ങനെ വന്നാൽ നിയന്ത്രണങ്ങൾ പിൻവലിക്കലിെൻറ അടുത്ത ഘട്ടം ആരംഭിക്കാൻ വൈകുമെന്നതും എല്ലാവരും മനസ്സിലാക്കണം.
വീടുകളിൽ 60 വയസ്സ് കഴിഞ്ഞവർ, ഗർഭിണികൾ, മാറാ രോഗമുള്ളവർ എന്നിവരുമായി നിശ്ചിത അകലം പാലിക്കുകയും രോഗം വരാതെ സംരക്ഷിക്കുകയും വേണം. ആളുകൾക്കിടയിലെ ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവയ ഒഴിവാക്കണം. തെർമൽ സ്ക്രീനിങ്, ഇഹ്തിറാസ് ആപ്പിെൻറ ഉപയോഗം, മാസ്ക് ധരിക്കൽ, കൈകൾ അണുമുക്തമാക്കൽ, കണ്ണുകളിലും മൂക്കിലും വായിലും കൈകൾ വൃത്തിയാക്കാതെ സ്പർശിക്കാതിരിക്കൽ, എപ്പോഴും പെരുമാറുകയും സ്പർശിക്കുകയും ചെയ്യുന്ന ഭാഗങ്ങൾ നിരന്തരം അണുമുക്തമാക്കൽ എന്നിവയെല്ലാം ശീലമാക്കണം. ആൾക്കൂട്ടം പാടില്ല. കഴിയുന്നതും അടച്ചിട്ട മുറികളിൽ വെൻറിലേഷൻ സാധ്യമാക്കണം. പള്ളികളിലെ വുദു എടുക്കുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളും അടച്ചിടുന്നത് തുടരും. പള്ളികളിലേക്ക് വരുമ്പോൾ സ്വന്തമായി മുസല്ലയും ഖുർആനും കൈയിൽ കരുതണം. സ്വകാര്യ, ചാർട്ടർ ബോട്ടുകളിൽ പരമാവധി 10 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ബോട്ടുകളിലെ യാത്രക്കാരുമായി കൂടിക്കലരുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.
കായികതാരങ്ങളുടെ പരിശീലനങ്ങൾക്കിടയിൽ ശാരീരിക അകലം പാലിക്കുകയും ഓരോ താരങ്ങൾക്കും 16 മുതൽ 36 ചതുരശ്രമീറ്റർ വരെ സ്ഥലം അനുവദിക്കുകയും വേണം. ഔട്ട്ഡോറിൽ പരമാവധി 50 പേർക്കു മാത്രമേ ഒരേ സമയം പരിശീലനത്തിലേർപ്പെടാൻ സാധിക്കൂ. 10 പേരുള്ള ചെറു സംഘങ്ങളായാണ് പരിശീലനം നടത്തേണ്ടത്. ഷോപ്പുകളിലും വാണിജ്യകേന്ദ്രങ്ങളിലും കാഷ് ഇടപാടുകൾക്കു പകരം ബാങ്ക് കാർഡുകൾ ഉപയോഗിക്കാൻ പരമാവധി ശീലിക്കണം. റസ്റ്റാറൻറുകളുടെ പ്രവർത്തനം 50 ശതമാനം ശേഷിയിൽ മാത്രമായിരിക്കണം. തൊഴിലിടങ്ങളിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കാവൂ. സ്വകാര്യ ആശുപത്രികൾക്ക് 60 ശതമാനം ശേഷിയിൽ പ്രവർത്തിക്കാനും നിലവിൽ അനുമതിയുണ്ട്.
കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിബദ്ധതയോടെ സഹകരിച്ച സ്വദേശികൾക്കും വിദേശികൾക്കും ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19നെതിരെ മുന്നണിയിലുള്ള സന്നദ്ധ പ്രവർത്തകരെയും മന്ത്രാലയങ്ങളെയും ആരോഗ്യ, അക്കാദമിക് റിസർച് സ്ഥാപനങ്ങളെയും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളെയും സ്വകാര്യ മേഖലയെയും കോവിഡിനെതിരായി മുന്നിൽ നിന്ന എല്ലാവരെയും ഓർക്കുകയും നന്ദി അറിയിക്കുകയാണെന്നും പൊതുജനാരോഗ്യ വകുപ്പ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.