ദോഹ: നിലവിൽ ലോകത്ത് ഏറ്റവും ചൂട് അനുഭവപ്പെടുന്ന മേഖലയാണ് ഗൾഫ് രാജ്യങ്ങൾ. അന്തരീക്ഷതാപം 40 കടന്നതോടെ ഗൾഫ് മേഖല ചുട്ടുപൊള്ളുകയാണ്. മേഖലയിൽ ഏറ്റവുമേറെ ചൂട് അനുഭവപ്പെടുന്നത് കുവൈത്തിലാണ്. 2021ലെതന്നെ ഏറ്റവും കൂടിയ ചൂടായ 53.2 ഡിഗ്രി സെൽഷ്യസ് താപനില കഴിഞ്ഞയാഴ്ചയാണ് കുവൈത്തിൽ രജിസ്റ്റർ ചെയ്തത്. ഇറാനിൽ 50.1 ഡിഗ്രി സെൽഷ്യസും കുവൈത്തിയെ ജഹ്റയിൽ 49.7 ഡിഗ്രി സെൽഷ്യസും ഈയാഴ്ചയിൽ തന്നെ റിപ്പോർട്ട് ചെയ്തു.
ഇതിനൊപ്പം തന്നെയുണ്ട് ഖത്തറും. ചൊവ്വാഴ്ച മുതൽ ഈയാഴ്ച അവസാനംവരെ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കഴിഞ്ഞ ദിവസം ഖത്തർ കലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ദോഹ, മിസൈമീർ, മുകൈനീസ് തുടങ്ങിയ മേഖലകളിൽ ഇന്നലെ മുതൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റിന് അൽപം ശമനമുണ്ടെങ്കിലും പകൽ സമയങ്ങളിലെ ചൂട് ശരാശരി താപനിലയിൽനിന്ന് മൂന്ന് മുതൽ നാല് വരെ ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ചൊവ്വാഴ്ച ദോഹയിൽ 40 ഡിഗ്രി അടയാളപ്പെടുത്തി. മുകൈനീസിലും ജുമൈലിയയിലും ഉയർന്ന താപനിലയായ 48 ഡിഗ്രി റിപ്പോർട്ട് ചെയ്തു. തുറസ്സായ സ്ഥലങ്ങളിലും സൈറ്റുകളിലും ഉച്ചസമയങ്ങളിൽ തൊഴിലാളികളെകൊണ്ട് ജോലിചെയ്യിക്കുന്നതിനും വിലക്കുണ്ട്. 11 മുതൽ, മൂന്ന് വരെ പൊതു ഇടങ്ങളിൽ ജോലി ചെയ്യിച്ചാൽ തൊഴിലുടമക്കെതിരെ നടപടിയും കനത്ത പിഴയും ചുമത്തപ്പെടും.
ചൂടു കൂടിയ സാഹചര്യത്തിൽ വാഹനങ്ങളിൽ നിലവാരമുള്ള അഗ്നിശമന ഉപകരണങ്ങൾ കരുതണമെന്ന് അധികൃതർ. വാഹനങ്ങളുടെ സാങ്കേതിക പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കുകയും വേണം.
ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്കു കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കരുത്. ടയറുകളിൽ കൃത്യമായ അളവിൽ കാറ്റു നിറയ്ക്കുകയും കാലാവധി കഴിഞ്ഞവ മാറ്റുകയും വേണം.പരുക്കൻ റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ കൂടുതൽ കരുതൽ ആവശ്യമാണ്. യാത്രക്കു മുമ്പ് ടയറുകൾ പരിശോധിക്കുക, ടയറിൻെറ നിലവാരത്തിനനുസരിച്ചുള്ള വേഗത്തിൽ പോകുക, നാല് ടയറുകളിലും അനുവദനീയ അളവിൽ എയർ ഉറപ്പാക്കുക, വാഹനങ്ങളിൽ അമിതഭാരം കയറ്റാതിരിക്കുക, അലൈൻമെൻറ് കൃത്യമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തിൽ ആവശ്യമല്ലാത്ത യാത്രകളും പുറത്തെ ഇടപെടലുകളും ഒഴിവാക്കുകയാണ് ഏറ്റവും ഉചിതം. ഇത്രയും ഉയർന്ന ചൂട് ശരീരത്തിന് താങ്ങാനാവാത്തതാണ്. പുറത്ത് ജോലിചെയ്യുന്നവർ നിർജലീകരണമുണ്ടാവുന്നത് ശ്രദ്ധിക്കണം. ജോലി അനിവാര്യമായതിനാൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ല മുൻകരുതൽ എടുക്കുകയാണ് ഉചിതം.
രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കേണ്ടതാണ്. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കുമ്പോള്‍ ആഘാതം വലുതായിരിക്കും. അതിനാല്‍ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ശരീരം ചൂടാകാതിരിക്കാന്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. കോവിഡ് കാലമായതിനാല്‍ കൈ വൃത്തിയാക്കിയതിനു ശേഷം മാത്രം മുഖം കഴുകുക.
വിയർപ്പിനൊപ്പം ശരീരത്തിൽനിന്ന് ഉപ്പിൻെറ അംശം നഷ്ടമാവുന്നതിനാൽ കുടിവെള്ളത്തിൽ ഒ.ആർ.എസ് പോലുള്ളവ ചേർത്ത് കുടിക്കുന്നതും നല്ലതായിരുക്കും.
ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കുക എന്നതാണ് മറ്റൊരു മാർഗം. എങ്കിൽ, സൂര്യപ്രകാശം നേരിട്ട് ദേഹത്ത് പതിക്കുന്നത് മൂലമുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിയും.
അമിതമായ ചൂട് കാരണം സൂര്യാഘാതവും സൂര്യാതപവും ഉണ്ടായേക്കാം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അതിനാല്‍ ശരീര ഊഷ്മാവ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശീവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെ ഉണ്ടാകുകയും ചെയ്യുന്നു. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിൻെറ ആന്തരിക പ്രവര്‍ത്തനം താളം തെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മരണംവരെ സംഭവിക്കാവുന്ന ഒന്നാണ് സൂര്യാതപം.
ജോലിസ്ഥലത്തോ മറ്റോ ചൂടുകാലത്ത് ശാരീരിക അവശതമൂലം ബോധക്ഷയം സംഭവിച്ചാൽ കൂടെയുള്ളവർ അവരെ തണലത്തേക്ക് മാറ്റി പരിചരിക്കണം. വെള്ളം കുടിപ്പിച്ച ശേഷം, ചികിത്സ വേണമെങ്കിൽ ആശുപത്രിയിലെത്തിക്കുക.
കോവിഡ് നിയന്ത്രണങ്ങളിൽ രാജ്യത്ത് ഇളവ് വന്നുതുടങ്ങിയതോടെ കുട്ടികളുമായി കുടുംബസമേതം ആളുകൾ പുറത്തിറങ്ങിത്തുടങ്ങിയ കാലം കൂടിയാണ്. ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളെ നിർബന്ധിച്ച് വെള്ളം കുടിപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
കാറിൽ സഞ്ചരിക്കുേമ്പാഴും വെള്ളം കുടി കുറക്കരുത്. അതേസമയം, 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തുന്നതിനാൽ കാറിൽ ഒരു ദിവസത്തിലേറെ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കാതിരിക്കുക. കടുത്ത ചൂടിൽ പ്ലാസ്റ്റിക്കും ഉരുകുന്നത് വെള്ളത്തെ ബാധിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.