ദോഹ: ഖത്തറിൻെറ ചരിത്രത്തിലെ ഏറ്റവും മധുരമേറിയ ഒളിമ്പിക്സായി ടോക്യോ. മുഅതസ് ബർഷിമിൻെറയും ഫാരിസ് ഇബ്രാഹിമിൻെറയും സ്വർണ നേട്ടത്തിനു പിന്നാലെ, ഖത്തറിന് അഭിമാനിക്കാൻ ശനിയാഴ്ച ഒരു വെങ്കലം കൂടിയെത്തി. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്സ് സ്വർണം നേടി കൃത്യം ഒരാഴ്ച തികഞ്ഞ പ്രഭാതത്തിലായിരുന്നു ടോക്യോയിലെ ഷിയോകാസെ പാർകിലെ തീരത്തുനിന്ന് ഖത്തറിനെ തേടി വെങ്കല മെഡൽ വാർത്ത എത്തുന്നത്.
ഷെരിഫ് യൂനുസ് സാംബയും അഹമ്മദ് തിജാനും ചേർന്ന ടീം വെങ്കല മെഡൽ മത്സരത്തിൽ ലാത്വിയയുടെ മാർട്ടിൻ പ്ലാവിൻസ്-എഡ്ഗാർസ് ടോക്സ് കൂട്ടിനെ നേരിട്ടുള്ള ഗെയിമിന് വീഴ്ത്തി നേടിയ മെഡൽ. രണ്ട് സ്വർണ നേട്ടത്തിൽ തിളങ്ങി നിൽക്കുന്ന ഖത്തർ ഒളിമ്പിക് ക്യാമ്പിന് സന്തോഷ മുഹൂർത്തം സമ്മാനിച്ച നിമിഷം. 16 അംഗ സംഘത്തെ അയച്ച ഖത്തർ രണ്ട് സ്വർണവും ഒരു വെങ്കലവുമായി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായാണ് തിരികെയെത്തുന്നത്.
വോളിബാളിൽ ഏഷ്യ കരുത്തരാണെങ്കിലും, ബീച്ച് വോളി അത്ര പരിചിതമല്ല. യൂറോപ്യൻ- ലാറ്റിനമേരിക്കൻ ടീമുകൾ വാഴുന്ന പൂഴിമണലിലെ പോരാട്ട വേദിയിലാണ് ഖത്തറിൻെറ യുവതാരങ്ങൾ മെഡലണിഞ്ഞത്.
പൂൾ സിയിൽനിന്ന് അമേരിക്കൻ വെല്ലുവിളി മറികടന്ന് ഒരു കളി പോലും തോൽക്കാതെയാണ് ഷെരിഫ് - അഹമ്മദ് തിജാൻ സഖ്യം പ്രീക്വാർട്ടറിൽ കടന്നത്. നോക്കൗണ്ടിൽ രണ്ട് കളിയും അനായാസം ജയിച്ച ശേഷം, സെമിയിൽ റഷ്യൻ സഖ്യത്തിനു മുന്നിൽ തോറ്റതോടെ ഇവരുടെ ലക്ഷ്യം വെങ്കലമായി. 12–21, 18–21 എന്ന സ്കോറിനായിരുന്നു ജയം. നോർവേ ടീമിനാണ് സ്വർണം. ഗാംബിയയിൽ ജനിച്ചു വളർന്ന അഹമ്മദ് തിജാനും സെനഗാളിൽനിന്നുള്ള ഷെരിഫ് യൂനുസും ഖത്തറിൻെ െകാടിക്കീഴിലെത്തിയതോടെയാണ് കരുത്തുറ്റ താരങ്ങളായി മാറിയത്. ലോകനിലാവരത്തിലെ പരിശീലനം കൂടിയായതോടെ ഇവർ ഒളിമ്പിക്സ് പ്രതീക്ഷയയായി മാറി.
ഗാംബിയയിൽനിന്നുള്ള അഹമ്മദ് തിജാൻ 2011ൽ അയൽ രാജ്യമായ സെനഗാളിലെത്തിയപ്പോഴാണ് ഖത്തറിലേക്കുള്ള വഴിതെളിയുന്നത്. കൂടുതൽ വോളി ലീഗ് മത്സരങ്ങൾ ഉള്ളതായിരുന്നു സെനഗാളിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. 2014ൽ ഖത്തർ ടീമിൻെറ ഭാഗമായതോടെ മികച്ച കൂട്ടുകെട്ട് പിറക്കുകയായിരുന്നു. ഇതിനിടെ, ഷെരിഫും പരിചയ സമ്പന്നനായ ബ്രസീലിൽനിന്നുള്ള ഖത്തർ താരം ജെഫേഴ്സൺ പെരേരയും പുതിെയാരു കൂട്ടുകെട്ട് തീർത്ത് 2016 റിയോ ഒളിമ്പിക്സിൽ കളിച്ചു. 2018ൽ ഷെരിഫും തിജാനും വീണ്ടും ഒന്നിച്ചതോടെ പുതിയ വിജയങ്ങൾ പിറക്കുകയായിരുന്നു. ടോക്യോ ഒളിമ്പിക്സ് മുന്നിൽ കണ്ടുള്ള ഖത്തർ വോളി ഫെഡറേഷൻെറ നീക്കം പിഴച്ചില്ല. ലോകറാങ്കിങ്ങിൽ ഒന്നാം നമ്പറിലേക്കും ടോക്യോ ഒളിമ്പിക്സ് മെഡൽ പോഡിയത്തിലുമെത്തിയതോടെ ഖത്തറിൻെറ കണക്കുകൾ പിഴച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.