ദോഹ: ഹമദ് അക്വാറ്റിക് സെൻററിലെ നീന്തൽക്കുളം ഖത്തറിൻെറ സ്വർണഖനിയായി മാറി. ആറ് ഗൾഫ് രാജ്യങ്ങൾ പങ്കെടുത്ത നീന്തൽ ചാമ്പ്യൻഷിപ്പിൽ എതിരാളികളില്ലാതെ ഖത്തറിൻെറ കൊയ്ത്തുകാലം. വ്യാഴാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ഇതുവരെ വാരിക്കൂട്ടിയത് 23 സ്വർണവും 11 വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 40 മെഡലുകൾ. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മെഡൽ പോഡിയത്തിലെത്തിയ ആതിഥേയ താരങ്ങൾ, ഏതാനും ചില ഇനങ്ങളിൽ മാത്രമേ എതിരാളികൾക്ക് അവസരം നൽകിയുള്ളൂ. സൗദി അറേബ്യ ആറ് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവുമായി (ആകെ 22 മെഡൽ) രണ്ടും സ്ഥാനത്തെത്തി. കുവൈത്ത് (2-12-12-26), ബഹ്റൈൻ (2-2-6-10), യു.എ.ഇ (2-0-3-5), ഒമാൻ (1-1-3-5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ മെഡൽ നില.
കഴിഞ്ഞ വർഷം നടക്കേണ്ട ചാമ്പ്യൻഷിപ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.വ്യാഴാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിൽ ഇൻറർനാഷനൽ സ്വിമ്മിങ് ഫെഡറേഷൻ പ്രസിഡൻറ് ഹുസൈൻ അൽ മുസല്ലം, ഖത്തർ സ്വിമ്മിങ് അസോസിയേഷൻ പ്രസിഡൻറ് ഖലീൽ അൽ ജാബിർ, ജി.സി.സി സ്വിമ്മിങ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ താഹ അൽ കഷാരി എന്നിവർ പങ്കെടുത്തു. അണ്ടർ 17 വിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാമതെത്തി കരിം സലാമയാണ് ഖത്തറിനായി ആദ്യം സ്വർണമണിഞ്ഞത്.
പിന്നാലെ മെഡൽ കൊയ്ത്തായി. എതിരാളികളെ കാഴ്ചക്കാരാക്കി അണ്ടർ 17, അണ്ടർ 15, അണ്ടർ 12 വ്യക്തിഗതം, ടീം വിഭാഗങ്ങളിൽ ഖത്തർ താരങ്ങൾ മെഡൽകൊയ്ത്തു തുടങ്ങി. ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും. 2019ൽ കുവൈത്തിൽ നടന്നപ്പോൾ 17 സ്വർണവുമായി 34 മെഡൽ നേടിയ ഖത്തറായിരുന്നു ജേതാക്കൾ.ഇക്കുറി സ്വന്തം മണ്ണിൽ കൂടുതൽ കരുേത്താടെയാണ് ആതിഥേയരുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.