ദോഹ: വെള്ളിയാഴ്ച ഉച്ചയോടെ പെയ്ത മഴയെത്തുടർന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നീക്കം ചെയ്തത് 29 ദശലക്ഷം ഗാലൺ മഴവെള്ളം. ഉച്ചയോടെ ദോഹയിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുമായി ഏതാനും മിനിറ്റ് നേരം ശക്തമായ മഴപെയ്തപ്പോൾ മന്ത്രാലയത്തിന് കീഴിലെ അടിയന്തര സാഹചര്യം നേരിടാനുള്ള സംയുക്ത കമ്മിറ്റി സജീവമായി പ്രവർത്തിച്ചു.
ഉച്ച ഒരു മണിമുതൽ ശനിയാഴ്ച വൈകുന്നേരം നാലുവരെ 27 മണിക്കൂറോളം നേരം എമർജൻസി ടീം തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്തു. ഇതിന്റെ ഫലമായാണ് 4200 ലോഡായി 29 ദശലക്ഷം ഗാലൺ വെള്ളം നീക്കം ചെയ്തത്. 340ലേറെ തൊഴിലാളികൾ രാവിലും പകലിലും പ്രവർത്തിച്ചു.
പമ്പ്, മോട്ടോർ, മറ്റു യന്ത്രസാമഗ്രികൾ എന്നിവയുമായാണ് മണിക്കൂറോളം അധ്വാനിച്ചത്. മഴ അടിയന്തര സാഹചര്യം നേരിടാനായി ക്രമീകരിച്ച കാൾസെന്ററിലേക്ക് 560ലേറെ അഭ്യർഥനകളാണ് ലഭിച്ചത്. എല്ലാ കേസുകളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സുരക്ഷിതമാക്കാനും കഴിഞ്ഞു.
എല്ലാ മുനിസിപ്പാലിറ്റികളിലുമായി അടിയന്തര പ്രതികരണത്തിനായി പ്രത്യേക കോൺസെന്ററുകൾ സജ്ജീകരിക്കുകയും 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളുടെ ഫോൺ സന്ദേശങ്ങൾക്ക് ഉത്തരം നൽകുകയും വിവിധ മാർഗങ്ങളിലൂടെ നിരീക്ഷണം ശക്തമാക്കുകയും പരിഹാരം നൽകലുമായി കേന്ദ്രം സജീവമായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.