കോരിച്ചൊരിയാൻ കാത്തി രിക്കുകയാണ് ആകാശം.ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴപെയ്ത ഞായറാഴ്ച പകലിലെ മേഘാവൃതമായ ആകാശവുമായി ദോഹ
കോർണിഷിന്റെ ദൃശ്യം.
ദോഹ: ഞായറാഴ്ച പുലർച്ചമുതൽ ഖത്തറിൽ വിവിധ മേഖലകളിൽ ശക്തമായ മഴയെത്തി. തലസ്ഥാന നഗരിയായ ദോഹയിലെ വിവിധ പ്രദേശങ്ങളിലും അൽ വക്റ, അൽഖോർ, വുകൈർ, ഇൻഡസ്ട്രിയൽ ഏരിയ, സീലൈൻ, ദുഖാൻ തുടങ്ങിയ വിദൂര പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെയും വൈകീട്ടുമായി മഴയെത്തി. പകൽ മുഴുവൻ അന്തരീക്ഷവും മേഘാവൃതമായിരുന്നു. ചിലയിടങ്ങളിൽ ചാറ്റൽ മഴയും അനുഭവപ്പെട്ടു.
ശനിയാഴ്ച രാത്രിമുതൽ ഞായറാഴ്ചവരെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും ഇടക്കിടെ പൊടിപടലങ്ങളോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ചിലപ്പോൾ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ പെയ്യുമ്പോൾ റോഡ് സുരക്ഷയും മറക്കരുതെന്ന് ഓർമപ്പെടുത്തി അധികൃതർ. ഞായറാഴ്ച രാവിലെമുതൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴപെയ്തതിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം, കാലാവസ്ഥ വിഭാഗം, പൊതുമരാമത്ത് വിഭാഗം എന്നിവർ മുൻകരുതൽ നിർദേശങ്ങൾ നൽകി. വേഗം കുറച്ചും സുരക്ഷിതമായ അകലം പാലിച്ചും വാഹനം ഓടിക്കുക, ഹെഡ്ലൈറ്റുകൾ ഓണാക്കുക, വെള്ളത്തിൽ മുങ്ങിയ റോഡുകൾ വഴിയുള്ള യാത്ര ഒഴിവാക്കുക, മൊബൈൽ ഫോൺ ഉൾപ്പെടെ ഡ്രൈവിങ്ങിൽനിന്ന് ശ്രദ്ധതിരിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, റോഡിലെ നിർദേശങ്ങൾ പാലിക്കുക എന്നിവ നിർദേശിച്ചു.
മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ- കഹ്റാമ, സോഷ്യൽ മീഡിയ വഴി അവശ്യ സുരക്ഷാ നിർദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കഴിയുന്നത്ര വീടിനുള്ളിൽതന്നെ തുടരാനും തുറന്ന സ്ഥലങ്ങൾ ഒഴിവാക്കാനും കഹ്റാമ അഭ്യർഥിച്ചു.
എമർജൻസി സേവനങ്ങൾക്ക്: കഹ്റാമ 911, പൊതുമരാമത്ത് 188, മുനിസിപ്പാലിറ്റി മന്ത്രാലയം 184, ആഭ്യന്തര മന്ത്രാലയം 999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.