ദോഹ: പരിശുദ്ധ റമദാൻ വിളിപ്പാടകലെ എത്തിയിരിക്കെ പ്രാദേശിക വിപണിയിലെ മാംസലഭ്യത ഉറപ്പാക്കാനും വില നിയന്ത്രിക്കാനും നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. സബ്സിഡി നിരക്കിൽ റമദാനിലുടനീളം പൗരന്മാർക്ക് മാംസം ലഭ്യമാക്കുക, വിപണിയിലെ വിതരണം, ഡിമാൻഡ് എന്നിവക്കിടയിലെ സന്തുലിതത്വം നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് മന്ത്രാലയം നേരിട്ട് പ്രത്യേക സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി റമദാനിലുടനീളം മാംസ ലഭ്യത ഉറപ്പാക്കാൻ വിദാം ഫുഡുമായി കൈകോർത്തിരിക്കുകയാണ് മന്ത്രാലയം.
സബ്സിഡി നിരക്കിൽ ഒരു പൗരന് രണ്ട് ചെമ്മരിയാടുകൾ എന്ന തോതിലാണ് നൽകുക. ഇതിനായി പ്രാദേശികവും വിദേശത്ത് നിന്ന് എത്തിച്ചതുമായ 30000 ആടുകളെ ലഭ്യമാക്കും. ഇതിന് മന്ത്രാലയവും വിദാം ഫുഡും കരാർ ഒപ്പുവെച്ചു. സബ്സിഡി നിരക്കിൽ ഇന്ന് മുതൽ ഇത് നടപ്പിലാകും. പ്രാദേശിക ആടൊന്നിന് (30-35 കിലോഗ്രാം) 1000 റിയാലും സിറിയൻ ആടിന് 950 റിയാലുമാണ് സബ്സിഡി നിരക്ക്. അറുക്കുന്നതിനും തൊലി കളയുന്നതിനും മാംസമാക്കുന്നതിനും അധികമായി 16 റിയാലും നൽകണം.
അതേസമയം, കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് എല്ലാ അറവുശാലകളിലും നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. റമദാനിൽ പ്രത്യേക വിലക്കിഴിവോടെ ലഭിക്കുന്ന 650 ഉൽപന്നങ്ങളുടെ പട്ടിക നേരേത്ത വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ധാന്യപ്പൊടികൾ, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, എണ്ണ, പാൽ തുടങ്ങി ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളാണ് വിലക്കുറവിൽ ലഭ്യമാകുക.
പട്ടികപ്രകാരം, ക്യു.എഫ്.എം ധാന്യപ്പൊടി നമ്പർ 1 (അഞ്ച് കിലോ) 16 റിയാലിന് ലഭിക്കും. ക്യു.എഫ്.എം ഗോതമ്പ് പൊടി (10 കിലോഗ്രാം) 22.25 റിയാലിനും ഒലിവ് എണ്ണ (500 മില്ലി ലിറ്റർ) 11.25 റിയാലിനും യാര ശുദ്ധമായ സൺഫ്ലവർ ഓയിൽ (1.8 ലിറ്റർ) 15 റിയാലിനും ലഭ്യമാകും. ബലദ്നയുടെ ഫ്രഷ് യോഗർട്ട് ഫുൾഫാറ്റ് (2 കിലോഗ്രാം) 10 റിയാലും ഡാൻഡി കമ്പനിയുടെ ലബൻ (2 ലിറ്റർ) 6.75 റിയാലിനും ലഭിക്കും. ഇതനുസരിച്ച് സാധനങ്ങൾ വിലക്കുറവിൽ കടകളിൽ ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷത്തെ റമദാൻ ഏപ്രിൽ 13ന് ആരംഭിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 12 ഹിജ്റ വർഷം 1442ലെ ശഅ്ബാൻ മാസത്തിന് അവസാനമാകും. റമദാൻ മാസപ്പിറവി സംബന്ധിച്ച് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിർണയ സമിതിയാണ് അന്തിമ തീരുമാനം എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.