ദോഹ: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വിശ്വാസികൾ പുണ്യകർമങ്ങളിൽ കൂടുതൽ വ്യാപൃതരാകുന്നു. കോവിഡിൻെറ പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളെല്ലാം അടഞ്ഞുകിടക്കുകയാണ്. എങ്കിലും പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ വീടുകളിൽതന്നെ കഴിച്ചുകൂട്ടി പ്രാർഥനകളിലാണ് വിശ്വാസി സമൂഹം. വിശുദ്ധ റമദാൻ വിട പറയാൻ ദിവസങ്ങൾ ബാക്കിയിരിക്കെ ആരാധന അനുഷ്ഠാനങ്ങൾ വർധിപ്പിക്കാൻ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. വിശ്വാസികൾക്ക് ആരാധനകളും അനുഷ്ഠാനങ്ങളും അധികരിപ്പിച്ച് പുണ്യം നേടുന്നതിനുള്ള സുവർണാവസരമാണിത്. ലൈലതുൽ ഖദ്ർ എന്ന വിധിനിർണയരാവ് ഈ ദിനങ്ങളിലാണെന്നും മന്ത്രാലയം വിശ്വാസികളെ ഓർമിപ്പിച്ചു.
ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മാത്രമേ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം നടക്കുന്നുള്ളൂ. ഇമാമും പള്ളിയിലെ ജീവനക്കാരുമുൾപ്പെടെ 40 പേർ മാത്രമേ ഇതിൽ പങ്കെടുക്കുകയുള്ളൂ. റമദാനിൽ ഇമാമും നാല് പേരുമുൾപ്പെടെ ഈ പള്ളിയിൽ ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും നടത്തുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങളും മുൻകരുതലുകളും പാലിച്ചാണിത്. അതേസമയം, ഈ വർഷം ഫിത്വ്ർ സകാത്ത് ഒരാൾക്ക് 15 റിയാൽ ആണെന്ന് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സകാത്ത് ഫണ്ട് അറിയിച്ചു. വിശ്വാസികളായ സ്ത്രീകളും പുരുഷൻമാരും കുട്ടികളും മുതിർന്നവരുമായ എല്ലാവരും സകാത്ത് നൽകാൻ ബാധ്യസ്ഥരാണെന്നും കൃത്യ സമയത്ത് തന്നെ സകാത്ത് നൽകണമെന്നും സകാത്ത് ഫണ്ട് നിർദേശിച്ചു.
പെരുന്നാൾ ദിവസം ദരിദ്രരായ, ദുർബലരായ ജനത മറ്റുള്ളവർക്ക് മുന്നിൽ സഹായം അഭ്യർഥിക്കുന്നത് ഒഴിവാക്കുന്നതിനും പെരുന്നാൾ ദിവസം അവർക്കുള്ള വിഭവങ്ങൾ ലഭ്യമാക്കുകയും ലക്ഷ്യം വെച്ചാണ് ഫിത്വ്ർ സകാത്ത് നിർബന്ധമാക്കിയിരിക്കുന്നത്. തങ്ങളുടെ ഓഹരികൾ ഓരോരുത്തരും നിർബന്ധമായും നൽകിയിരിക്കണമെന്നും മന്ത്രാലായം വ്യക്തമാക്കി. പെരുന്നാൾ നമസ്കാരത്തിന് മുമ്പായി സകാത്ത് നൽകണം. എന്നാൽ മാത്രമേ അത് അർഹരിലേക്ക് എത്തിക്കാൻ കഴിയൂവെന്നും സകാത്ത് ഫണ്ട് വ്യക്തമാക്കി. സകാത്ത് നൽകാൻ ആഗ്രഹിക്കുന്നവർ സകാത്ത് കളക്ഷൻ സെൻററുകളുമായി ബന്ധപ്പെടണമെന്നും സകാത്ത് ഫണ്ട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.