?????? ???????, ??????

അങ്ങിനെയൊരു നോമ്പുകാലത്തെ ആദ്യ ഗൾഫ്​ യാത്ര

ഓരോ നോമ്പും വേറിട്ട അനുഭവങ്ങൾ തന്നെയാണ്. 1996ലെ നോമ്പ് കാലത്താണ് ഗൾഫ് ഭ്രാന്ത് മൂത്ത് എൻെറ ആദ്യ ദുബൈ യാത്ര. അക്കാലത്ത് പോകുന്ന സ്ഥലമെല്ലാം ദുബൈ ആണ്. അങ്ങനെ തലശ്ശേരിയിൽ നിന്നും അക്ബർ ട്രാവൽസിൽ ബോംബെയിലേക്ക്, അവിടെ രണ്ടുമൂന്ന് ദിവസം പെങ്ങളുടെ ഭർത്താവിൻെറ കൂടെ, പിന്നെ ബോംബെയിൽ നിന്ന്​ റാസൽ ഖൈമയിലേക്ക് വിമാനം. ഒറ്റക്കുള്ള യാത്രയും ഇടക്ക് എവിടെയോ നിർത്തിയതും നോമ്പും ഒക്കെ കൂടി ആകെ ക്ഷീണിച്ച ആദ്യയാത്ര. മനസ്സിൽ ഗൾഫിനെക്കുറിച്ചുള്ള സുന്ദര സ്വപ്നവും കേട്ടറിവ് മാത്രമുള്ള സുഖലോലുപതയുടെ നല്ല ചിന്തകളും മാത്രം. പിന്നെ ഒന്നും പേടിക്കണ്ട എന്ന ധൈര്യവും ഉള്ളിലുണ്ട്​. അളിയൻെറ അനുജന്മാരും ഏട്ടന്മാരും മരുമക്കളും അങ്ങനെ വലിയൊരു ടീമുതന്നെ റാസൽഖൈമയിലുണ്ട്. മഗ്​രിബ് കഴിഞ്ഞതിനുശേഷം റാസൽഖൈമ എയർപോർട്ടിൽ വിമാനമിറങ്ങി.

വളരെ ചെറിയ ഒരു എയർപോർട്ട്. പുറത്ത് ഇറങ്ങിയപ്പോൾ തന്നെ കുടുംബക്കാർ കാത്തിരിപ്പുണ്ട്. അങ്ങനെ അവരുടെ വണ്ടിയിൽ ഇരുട്ട്​ പിടിച്ച അങ്ങിങ്ങ്​ ചെറിയ പ്രകാശം പരത്തുന്ന നമ്മുടെ നാട്ടിലെ പോലത്തെ സ്ട്രീറ്റ് ലൈറ്റും ഇടുങ്ങിയ റോഡുമൊക്കെയുള്ള ഒരു ചെറിയ ഗ്രാമപ്രദേശം. 
ആളുകൾ പറഞ്ഞു കേട്ടത് പോലുള്ള അംബരചുംബികളായ കെട്ടിടങ്ങളോ വിലപിടിപ്പുള്ള വലിയ വാഹനങ്ങളോ ടൗണോ ഒന്നുമില്ലാത്ത റാസൽഖൈമ.
റാസൽഖൈമയിൽ വളരെ ചെറിയ ഒരു സൂഖ് മേരീസ് എന്ന സ്ഥലത്താണ് ബന്ധുക്കളുടെ തയ്യൽകടകളും അനുബന്ധ സ്ഥാപനങ്ങളും. ജോലി കണ്ടുപിടിക്കണം. അന്ന് കയ്യിലുള്ളത് ബിരുദ സർട്ടിഫിക്കറ്റും എന്നോ അകാലചരമം പ്രാപിച്ച ലോട്ടസ്, വേർഡ് സ്​റ്റാർ തുടങ്ങി നമ്മുടെ വിൻഡോസ് രംഗത്ത് വരുന്നതിനുമുമ്പുള്ള അല്ലറ ചില്ലറ കമ്പ്യൂട്ടർ പരിജ്ഞാനവും. അതൊക്കെ വെച്ച് പലവിധ ജോലികൾക്കും ശ്രമിച്ചു. 

ഞാൻ പഠിച്ച കമ്പ്യൂട്ടർ വിദ്യകൾ അറിയാത്ത, ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത കമ്പനികളിലാണ് പലപ്പോഴും ഇൻറർവ്യൂവിന് പോവുക. അവിടെ ഇരിക്കുന്ന പലർക്കും ഈ വിദ്യ അറിയാത്തത് കൊണ്ടോ എന്നെ പറ്റാത്തത് കൊണ്ടോ പെട്ടെന്ന് ഓടിക്കാനുള്ള വ്യഗ്രത ആണ് പലപ്പോഴും കണ്ടത്.അതിനിടെ പിടിച്ചുനിൽക്കാൻ ടൈലറിങ് ജോലി പഠിക്കാൻ ശ്രമിച്ചു. വൻ പരാജയമാണെന്ന് പഠിപ്പിക്കുന്ന ആൾക്ക് തന്നെ ബോധ്യമായത് കൊണ്ട് അത് നിർത്തി. ദുബൈയിലും അബുദാബിയിലും അങ്ങനെ പലയിടത്തും ജോലിക്ക് ശ്രമിച്ചു. താൽക്കാലിക ജോലി കിട്ടി. മൊത്തത്തിൽ യു.എ.ഇ നമുക്ക് രാശിയില്ല എന്ന് മനസ്സിലാക്കി അവിടംവിട്ടു.പക്ഷേ നോമ്പും നോമ്പുതുറ ഒരുക്കലും ഒക്കെ അന്നത്തെ ആ ബാച്ച് ലർ റൂമിൽ ആഘോഷമാക്കിയത് ഇന്നും നല്ല ഓർമയാണ്. ഉള്ളിവട എല്ലാ ദിവസത്തെയും മെയിൻ വിഭവമാണ്. എന്ത് വിഭവം ഉണ്ടാക്കിയാലും കഴിക്കുന്നതിന്​മുമ്പ് ആ ഐറ്റത്തിനെക്കുറിച്ച് അങ്ങനെ പൊക്കിപ്പറയും, അപ്പോൾ ഐറ്റം മോശമായാലും ആരും കുറ്റം പറയില്ലല്ലോ... നല്ല സുന്ദരമായ ആ നോമ്പുകാലത്തിന്​ ഇപ്പോൾ ഖത്തറിലെ പ്രവാസ ജീവിതത്തിലും നല്ല തെളിച്ചമുണ്ട്​​.

Tags:    
News Summary - ramadan-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.