ദോഹ: ബാലറ്റ് പെട്ടി, ബാലറ്റ് പേപ്പറുകൾ, വോട്ടർപട്ടിക, വോട്ടു രേഖപ്പെടുത്തുന്ന ടിക് മാർക്, അന്നേ ദിവസം തന്നെ വോട്ടെണ്ണലും തെരഞ്ഞെടുപ്പ് ഫലവും. നാട്ടിലെ വോട്ടുകാലം പോലെ തന്നെ ശൂറാകൗൺസിൽ തെരഞ്ഞെടുപ്പിനെ വരവേൽക്കാൻ ഖത്തർ ഒരുക്കത്തിലാണ്. ഒക്ടോബർ രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ നടപടിക്രമങ്ങൾക്ക് മേൽനോട്ട സമിതി വിശദമായ രൂപരേഖ തയാറാക്കി പൊതുജനങ്ങൾ മുമ്പാകെ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ ആസ്ഥാനത്ത് ഇലക്ടറൽ സമിതികൾക്കായി സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ പോളിങ് ദിനത്തിലുൾപ്പെടെയുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി. വോട്ടർമാരെ വോട്ട് ചെയ്യുന്നതിന് തയാറാക്കുന്നതും കോവിഡ് സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതുമടക്കം മുഴുവൻ കാര്യങ്ങളും സമിതി അംഗം അബ്ദുറഹ്മാൻ അലി അൽ ഫറാഹീദ് അൽ മൽകി വിശദീകരിച്ചു.
വോട്ടർമാർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, ഇഹ്തിറാസ് ആപിൽ ഗ്രീൻ സ്റ്റാറ്റസ് ഹാജരാക്കണം, സാമൂഹിക അകലം പാലിച്ചിരിക്കണം. വോട്ടർമാർ ഐഡി കാർഡ് കൈവശം വെക്കുകയും വോട്ട് ചെയ്യുന്നതിനായി മുൻകൂട്ടിയുള്ള രജിസ്േട്രഷൻ ഉറപ്പുവരുത്തുകയും ചെയ്യണം. വോട്ട് ചെയ്യുന്നതിന് മുമ്പായി വോട്ടർമാർക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള ബാലറ്റ് പേപ്പർ/വോട്ടിങ് കാർഡ് നൽകും.
വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിക്ക് നേരെയുള്ള കോളത്തിൽ വോട്ടർ 'ശരി' അടയാളം രേഖപ്പെടുത്തണം. തുടർന്ന് കാർഡ് മടക്കിയെന്ന് ഉറപ്പുവരുത്തി സമീപത്തെ ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ വോട്ടിങ് നടപടി പൂർത്തിയാവും. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത പ്രവേശന കവാടമായിരിക്കും സജ്ജീകരിച്ചിരിക്കുക. ഇലക്ടറൽ സമിതിക്ക് പുറത്തുള്ള ക്രമീകരണങ്ങൾക്ക് സുരക്ഷാ ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും.
ഇലക്ടറൽ സമിതികളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തില്ല, എന്നാൽ ഇലക്ടറൽ സമിതി മേധാവി ആവശ്യമുന്നയിക്കുന്നപക്ഷം സുരക്ഷാ ഉദ്യോഗസ്ഥരും അകത്തുണ്ടാകും. വോട്ടർമാർ, സ്ഥാനാർഥികൾ, അവരുടെ സഹായികൾ എന്നിവർ മാത്രമായിരിക്കും സമിതികളിലുണ്ടായിരിക്കുക.
തെരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കുക എന്നത് മാത്രമായിരിക്കും സ്ഥാനാർഥികളുടെയും സഹായികളുടെയും ചുമതല. വോട്ടർമാരിൽ ഒരു നിലക്കും സ്വാധീനം ചെലുത്താൻ അവരെ അനുവദിക്കുകയില്ല. ഒന്നിലധികം സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകൾ ലഭിച്ചാൽ ഇലക്ടറൽ സമിതി അധ്യക്ഷൻ തൻറ വോട്ട് രേഖപ്പെടുത്തി വിജയിയെ തെരഞ്ഞെടുക്കും. വോട്ടിങ് നടക്കുന്ന അന്നുതന്നെ സമിതി അധ്യക്ഷൻ വോട്ടെണ്ണി വിജയിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിക്കും.
ഒക്ടോബർ രണ്ടിന് നടക്കുന്ന പ്രഥമ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചതെന്ന് മേൽനോട്ട സമിതി അംഗം ബ്രിഗേഡിയർ ജനറൽ അബ്ദുറഹ്മാൻ മാജിദ് അൽ സുലൈതി പറഞ്ഞു. ഓരോ ഇലക്ടറൽ സമിതിയിലും ഓരോ ജഡ്ജി (സമിതി അധ്യക്ഷൻ) ഉണ്ടായിരിക്കും. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള ഉദ്യോഗസ്ഥനോ നീതിന്യായ മന്ത്രാലയത്തിൽനിന്നുള്ള വ്യക്തിയോ ആയിരിക്കും അധ്യക്ഷൻ. വോട്ടിങ് ദിവസം ഇവർ നേരത്തേ സ്ഥലത്തെത്തി ബാലറ്റ് പെട്ടി, ബാലറ്റ് പേപ്പറുകൾ, വോട്ടർ പട്ടിക, മറ്റ് ഉപകരണങ്ങൾ എന്നിവ കൈപ്പറ്റണം. തുടർന്ന് സ്ഥാനാർഥികളെയും സഹായികളെയും സമിതിയിലേക്ക് ക്ഷണിക്കപ്പെടും. വോട്ടിങ് ആരംഭിക്കുന്നതിനു മുമ്പായി ആകെ വോട്ടുകൾ സ്ഥാനാർഥികളെ അറിയിക്കും. രാവിലെ എട്ടിനാണ് പോളിങ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.