ദോഹ: ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് നേരിട്ട് യാത്രാനുമതി നൽകിയപ്പോൾ മുതൽ ഉയർന്നുകേട്ട സംശയങ്ങൾക്ക് ആശ്വാസമാണ് യു.എ.ഇ സർക്കാറിൻെറ പുതിയ അറിയിപ്പ്. ഖത്തർ ഉൾപ്പെടെ മൂന്നാമതൊരു രാജ്യത്തെ ഇടത്താവളമാക്കി ദുബൈയിലേക്ക് പറക്കാനായി എത്തിയവർക്ക് 14 ദിവസം തികയും മുേമ്പ ലക്ഷ്യത്തിലേക്ക് മടങ്ങാൻ അനുമതി നൽകിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്.
ജൂലൈ പകുതിയോടെ തന്നെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ദുബൈ ലക്ഷ്യംവെച്ച് ദോഹയിലെത്തിയിരുന്നു. ഇവരുടെ യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ആഗസ്റ്റ് മൂന്നിന് യാത്രാനിയന്ത്രണങ്ങൾ നീക്കുന്നതായി ദുബൈയിൽനിന്ന് ഉത്തരവിറങ്ങിയത്. അഞ്ചാം തീയതി മുതൽ ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന യാത്ര അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ, അതിന് മുേമ്പ ദോഹയിലെത്തുകയും ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കുകയും ചെയ്തവർ അക്ഷരാർഥത്തിൽ പെട്ടു. ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഇന്ത്യയിൽ നിന്നും നേരിട്ട് യാത്ര ചെയ്യാനുള്ള അവസരം നഷ്ടമായി എന്നു മാത്രമല്ല, ആഗസ്റ്റ് രണ്ടിനും മൂന്നിനും ഓൺ അറൈവൽ വിസയിലെത്തിയവർ ഖത്തറിൽ ഹോട്ടൽ ക്വാറൻറീനിലുമായി. നേരിട്ടുള്ള യാത്രയുമായി താരതമ്യം ചെയ്യുേമ്പാൾ ഇരട്ടിയിലേറെ സാമ്പത്തിക ബാധ്യതയും. ഇങ്ങനെ കുടുങ്ങിയവർക്കുള്ള ആശ്വാസമാണ് വെള്ളിയാഴ്ചയിലെ തീരുമാനം.
യാത്രാവിലക്ക് നീങ്ങുന്നതിനുമുമ്പ് യു.എ.ഇയിലേക്ക് വരാനായി വിവിധ രാജ്യങ്ങളിലെത്തിയവർക്ക് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ക്വാറൻറീൻ പൂർത്തിയാക്കാതെതന്നെ യാത്ര ചെയ്യാമെന്നാണ് എയർ അറേബ്യ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്. ദുബൈ യാത്രക്കാർക്ക് ജി.ഡി.ആർ.എഫ്.എയുടെയും, മറ്റു എമിറേറ്റുകളിലുള്ളവർ ഐ.സി.എ അനുമതിയും വേണം. 48 മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലം, റാപിഡ് ടെസ്റ്റ് ഫലം എന്നിവയാണ് ഇത്തരം യാത്രക്കാർക്ക് ആവശ്യമായി വരുക.
അറിയിപ്പ് വന്നതിനുപിന്നാലെ യാത്രാ നടപടികൾക്കായുള്ള തിടുക്കത്തിലാണ് ദുബൈ യാത്രക്കാർ. യാത്രക്ക് മുമ്പ് ഏറ്റവും വേഗത്തിൽ റാപിഡ് ടെസ്റ്റ് ലഭ്യമാവുന്ന ലാബുകൾ തേടി അന്വേഷണവും ടിക്കറ്റിനായുള്ള ഓട്ടവും സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.