ദോഹ: 73ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ച ചടങ്ങിൽ ഖത്തറിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യാപാര പ്രമുഖരും പങ്കെടുത്തു. ബുധനാഴ്ച റിറ്റ്സ് കാൾട്ടണിലായിരുന്നു അംബാസഡർ ഡോ. ദീപക് മിത്തൽ ഖത്തറിലെ ഉന്നത വ്യക്തികൾക്കായി റിപ്പബ്ലിക് ദിന ചടങ്ങ് സംഘടിപ്പിച്ചത്.
തൊഴിൽമന്ത്രി അലി ബിൻ സമിഖ് അൽ മർറി, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽഅസീസ് ബിൻ തുർകി അൽ സുബൈഈ, വിദേശകാര്യ മന്ത്രാലയം പ്രോട്ടോകോൾ ഡയറക്ടർ ഇബ്രാഹിം ഫഖ്റു എന്നിവർക്കൊപ്പം ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വ്യാപാര പ്രമുഖർ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകത്തിന്‍റെ വളർച്ചയിൽ നൽകിയ സംഭാവനകൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അംബാസഡറുടെ സംഭാഷണം.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയിൽ ഖത്തർ അമീറിനും പിതാവ് അമീറിനും അംബാസഡർ നന്ദി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലായി വിവിധ മേഖലകളിൽ ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര-നയതന്ത്ര മേഖലയിലെ ബന്ധവും സൗഹൃദവും കൂടുതൽ ദൃഢമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2023 ഇന്ത്യ–ഖത്തർ നയതന്ത്ര ബന്ധത്തിന്‍റെ 50ാം വാർഷികത്തിന്‍റെ ആഘോഷമായിരിക്കുമെന്നും അംബാസഡർ പറഞ്ഞു.
ചടങ്ങിന്‍റെ ഭാഗമായി ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.