ദോഹ: മാലിന്യം അതിന്റെ ഉത്ഭവസ്ഥാനത്തു നിന്നുതന്നെ വേർതിരിക്കുന്ന പ്രക്രിയയുടെ രണ്ടാം ഘട്ടം മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള പൊതുശുചിത്വ വകുപ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വേർതിരിച്ച് സംസ്കരിക്കുന്നതിന് 1900 കണ്ടെയ്നറുകൾ ഉനൈസ മേഖലയിലെ വീടുകളിൽ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
നീലനിറത്തിലുള്ള കണ്ടെയ്നറുകളിൽ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകൾ, ലോഹങ്ങൾ തുടങ്ങി പുനരുപയോഗിക്കാവുന്ന വസ്തുക്കളും ചാരനിറത്തിലുള്ള കണ്ടെയ്നറുകളിൽ ഭക്ഷ്യ അവശിഷ്ടങ്ങളും ശുചീകരണ സാമഗ്രികളുമാണ് നിക്ഷേപിക്കേണ്ടത്. പൊതുശുചിത്വ മേഖലയിൽ ഖത്തർ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ജനങ്ങൾ സജീവമായ സംഭാവനകൾ നൽകണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ഒക്ടോബറിലാണ് ഉനൈസയിലെ കുടുംബങ്ങൾക്ക് മാലിന്യങ്ങൾ ഉറവിടങ്ങളിൽ നിന്ന് വേർതിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി കണ്ടെയ്നറുകൾ വിതരണം ചെയ്തത്. ഉം ലഖ്ബ, മദീന ഖലീഫ സൗത്ത്, അൽ മർഖിയ, നുഐജ എന്നീ പ്രദേശങ്ങളിൽ രണ്ടുതരം കണ്ടെയ്നറുകൾ വിതരണം ചെയ്യുന്ന പ്രക്രിയ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ നഗര വളർച്ചക്കനുസൃതമായി സംയോജിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് പൊതുശുചിത്വ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമായാണ് മാലിന്യങ്ങൾ ഉറവിടങ്ങളിൽ നിന്നുതന്നെ വേർതിരിച്ചെടുക്കുകയെന്ന ദേശീയ പരിപാടിയുമായി മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്.രണ്ടാം ഘട്ട പരിപാടിക്ക് ദോഹയിലായിരിക്കും തുടക്കം കുറിക്കുകയെന്ന് പൊതുശുചിത്വ വകുപ്പ് മേധാവി മുഖ്ബിൽ മദ്ഹൂർ അൽ ഷമ്മാരി നേരത്തെ അറിയിച്ചിരുന്നു. എല്ലാ വീടുകളിലേക്കും എത്തിക്കുന്നതിന് 2025 വരെ രണ്ട് വർഷക്കാലം പരിപാടി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഉംസലാൽ, അൽ ദആയിൻ, അൽഖോർ, അൽഷമാൽ എന്നിവിടങ്ങളിൽ 2026ലായിരിക്കും പദ്ധതി ആരംഭിക്കുക. 2027 അവസാനത്തോടെ റയ്യാൻ, അൽ വക്റ, അൽ ഷീഹാനിയ എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും.
പദ്ധതി പ്രകാരം പൗരന്മാരുടെയും പ്രവാസികളുടെയും എല്ലാ വീടുകളിലും രണ്ട് കണ്ടെയ്നറുകൾ വിതരണം ചെയ്യും. പരീക്ഷണാടിസ്ഥാനത്തിൽ ദഫ്നയിലെ ജാലിയ പ്രദേശത്ത് വിവിധ വീടുകളിലായി 185 കണ്ടെയ്നറുകൾ വിതരണം ചെയ്തിരുന്നു.
പദ്ധതി പ്രാവർത്തികമാക്കുന്നത് വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പൊതുശുചിത്വ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിക്കും. 2019ലാണ് മാലിന്യം അതിന്റെ ഉറവിടത്തിൽ നിന്നും വേർതിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. ഇതിൽ സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളുമാണ് ഉൾക്കൊള്ളുന്നത്. 2020ൽ ഹോട്ടലുകളിലും പൊതു പാർക്കുകളിലും പദ്ധതി നടപ്പാക്കി. തൊട്ടടുത്ത വർഷം സർക്കാർ കെട്ടിടങ്ങളും ബാങ്ക് കെട്ടിടങ്ങളും ചേർക്കപ്പെട്ടു. പദ്ധതി പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി വകുപ്പ് ഒന്നിലധികം ഭാഷകളിൽ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കും. വീടുകളിൽ മാലിന്യം കൈകാര്യം ചെയ്യുന്നവരുമായി ആശയവിനിമയം നടത്താനും കണ്ടെയ്നറുകൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അവരെ ബോധവത്കരിക്കാനും വകുപ്പിൽ നിന്നുള്ള ഒരു ടീമിനെയും നിയമിച്ചിട്ടുണ്ട്.
ഭാവിതലമുറകൾക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക, അസംസ്കൃത വസ്തുക്കളുടെ ആവശ്യം കുറക്കുന്നതിന് പരമാവധി പുനരുപയോഗിക്കാവുന്ന വസ്തുക്കളുപയോഗിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നൽകി സ്വകാര്യ മേഖലയെ പിന്തുണക്കുക എന്നിവയാണ് പരിപാടിയുടെ ആത്യന്തികമായ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.