ദോഹ: ആദ്യ ഘട്ടത്തിൽ ജോറായി ടിക്കറ്റുകൾ വാരിക്കൂട്ടിയ ഖത്തറിൽ ഇന്ത്യൻ ആരാധകർക്ക് പക്ഷേ, രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് ഭാഗ്യം അത്രയേറെ ഉണ്ടായിരുന്നില്ല.
അതിന്‍റെ നിരാശ പങ്കുവെച്ചവർക്ക് മുന്നിലേക്കാണ് ഫിഫ ലോകകപ്പ് മത്സരങ്ങളുടെ അടുത്ത ഘട്ട ടിക്കറ്റ് വിൽപന വിൻഡോ തുറക്കാൻ ഒരുങ്ങുന്നത്.
ജൂലൈ അഞ്ചിന് തുടങ്ങുന്ന ഫസ്റ്റ് കം ഫസ്റ്റ് ടിക്കറ്റ് വിൽപന ആഗസ്റ്റ് 16 വരെ തുടരും എന്നതാണ് സന്തോഷവാർത്ത. ആരാധകർക്ക് ബുക്ക് ചെയ്ത് നറുക്കെടുപ്പ് ഭാഗ്യത്തിന് കാത്തിരിക്കാതെ, ഉടൻ പണം അടച്ച് നടപടികൾ പൂർത്തിയാക്കുന്നതോടെ തന്നെ ഈ ഘട്ടത്തിൽ ടിക്കറ്റുകൾ ലഭ്യമാവും.
ആദ്യ രണ്ട് ഘട്ടങ്ങളിലും റാൻഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് അനുവദിച്ചതെങ്കിൽ മൂന്നാം ഘട്ടത്തിൽ ആദ്യമെത്തുന്നവർക്ക് ആദ്യം (ഫസ്റ്റ് കം ഫസ്റ്റ്) എന്ന നിലയിലാവും ടിക്കറ്റുകൾ അനുവദിക്കുക.
ടിക്കറ്റ് വിൽപന ആരംഭിച്ചാൽ, വേഗത്തിൽ വിറ്റഴിയുമെന്നും. ആവശ്യമുള്ള ആരാധകർക്ക് വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
മൂന്ന് ഘട്ടങ്ങളിലായി ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുമെന്നായിരുന്നു ഫിഫ നേരത്തെ അറിയിച്ചത്. ജനുവരി 19 മുതൽ മാർച്ച് 29 വരെയായിരുന്നു ഒന്നാം ഘട്ടം വിൽപന. റാൻഡം നറുക്കെടുപ്പിലൂടെയും, ശേഷം ചുരുങ്ങിയ ദിവസം ഫസ്റ്റ് കം ഫസ്റ്റ് എന്ന നിലയിലും വിൽപന പൂർത്തിയാക്കി. ഈ ഘട്ടത്തിൽ 8.04 ലക്ഷം ടിക്കറ്റുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകർക്കായി ലഭ്യമാക്കിയത്.
ഏപ്രിൽ അഞ്ച് മുതൽ 28 വരെയായിരുന്നു രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്. മേയ് 31ന് പുറത്തുവിട്ട റാൻഡം നറുക്കെടുപ്പിന്‍റെ അടിസ്ഥാനത്തിൽ ജൂൺ 17 വരെയായിരുന്നു ഈ ടിക്കറ്റിന് പണം അടക്കാൻ ആരാധകർക്ക് നൽകിയ സമയം.
ഈ ഘട്ടത്തിൽ പത്ത് ലക്ഷത്തോളം ടിക്കറ്റുകളും ആരാധകർ സ്വന്തമാക്കി. ഇത് രണ്ടും പരിഗണിച്ചാണ് 18 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ കണക്കാക്കിയത്.
നാല് വില വിഭാഗങ്ങളായാണ് ടിക്കറ്റുകൾ നീക്കിവെച്ചത്. ഇതിൽ വില കുറഞ്ഞ കാറ്റഗറി നാല് വിഭാഗം ടിക്കറ്റുകൾ ഖത്തർ റസിഡന്‍റിന് മാത്രമായിരിക്കും അനുവദിക്കുക.
ടിക്കറ്റ് സ്വന്തമാക്കിയ ശേഷം, വിദേശ കാണികൾ താമസ സൗകര്യം ഉറപ്പാക്കി ഹയ്യാ കാർഡിന് അപേക്ഷിക്കണം. ഖത്തറിൽ ഉള്ളവർക്ക് നേരിട്ടു തന്നെ ഹയ്യാ കാർഡിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.