ദോഹ: കായിക നഗരവും, ആരോഗ്യകരമായ സമൂഹവും സൃഷ്ടിക്കുന്നതിന് കൈകോർത്ത് ഖത്തർ ആരോഗ്യമന്ത്രാലയവും ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി ആരംഭിച്ച ജനറേഷൻ അമേസിങ്ങും. ‘ഖത്തർ ആരോഗ്യനഗരം; ആരോഗ്യത്തിനും വികസനത്തിനും കായികം’ എന്ന സംയുക്തപദ്ധതിയുമായാണ് മന്ത്രാലയവും ജനറേഷൻ അമേസിങ്ങും ഒന്നിച്ചു പ്രവർത്തിക്കുന്നത്.
ഇതു സംബന്ധിച്ച് ഇരു വിഭാഗങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ആരോഗ്യത്തിനും വികസനത്തിനും കായികമേഖലയെ ഉപയോഗപ്പെടുത്തി ഖത്തർ ആരോഗ്യനഗരങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ആരോഗ്യമന്ത്രാലയത്തെ പ്രതിനിധീകരിച്ച് ആരോഗ്യകാര്യ സഹമന്ത്രി ഡോ. സാലിഹ് അൽ മർരിയും ജനറേഷൻ അമേസിങ് ഫൗണ്ടേഷനുവേണ്ടി എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽ ഖോരിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഖത്തറിന്റെ പുതിയ ആരോഗ്യനയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുപ്രധാന ചുവടുവെപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ധാരണപത്രം, ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരപരിപാടിയുടെ കൂടി ഭാഗമാണ്.
സ്പോർട്സിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാംക്രമികേതര രോഗങ്ങൾ തടയാനും, മാനസികാരോഗ്യം കെട്ടിപ്പടുക്കാനും സാമൂഹിക ജീവിതം സൃഷ്ടിക്കാനും വഴിയൊരുക്കും. ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ പൈതൃകം ജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നിലനിർത്തുകയാണ് ലക്ഷ്യം.
മന്ത്രാലയവും ജനറേഷൻ അമേസിങ്ങും സെപ്റ്റംബറിൽ 11 സ്കൂളുകളിൽ ആറ് മുതൽ 12 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കായി പരിശീലന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. വിദ്യാർഥികളുടെ ശാരീരികക്ഷമത മെച്ചപ്പെടുത്താനും ആവശ്യമായ പരിശീലനവും വിഭവങ്ങളും ഉപയോഗിച്ച് അധ്യാപകരെ സജ്ജരാക്കാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.
ആരോഗ്യ വിജ്ഞാനം, സാമൂഹിക, വൈകാരിക കഴിവുകളുടെ വികസനം, ശാരീരിക സാക്ഷരത എന്നീ മൂന്ന് ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ജനതയുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ‘ഖത്തർ ഹെൽത്തി സിറ്റീസ്: സ്പോർട്സ് ഫോർ ഹെൽത്ത് ആൻഡ് ഡെവലപ്മെന്റ്’ എന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. ഫിഫ ലോകകപ്പിനുശേഷം തുടരുന്ന ലെഗസിയുടെ ഭാഗമാണ് പരിപാടിയെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറലും ജനറേഷൻ അമേസിങ് ഫൗണ്ടേഷൻ ചെയർമാനുമായ ഹസൻ അൽ തവാദി പറഞ്ഞു.
പൊതുജനങ്ങളിൽ സാമൂഹികവും ആരോഗ്യകരവുമായ മാറ്റം കൊണ്ടുവരാൻ കായികമേഖലയുടെ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.