ദോഹ: ഖത്തർ സ്റ്റാർസ് ലീഗിന് വീണ്ടും പന്തുരുണ്ടപ്പോൾ കോവിഡ് –19 പ്രതിരോധ മേഖലയിൽ സ്വന്തം ജീവൻ പണയംവെച്ച് യുദ്ധമുഖത്തേക്ക് ഇറങ്ങിവന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി അൽ സദ്ദ് ക്ലബും. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അൽഖോറിനെതിരായ 18ാം റൗണ്ട് മത്സരത്തിന് ആരോഗ്യ പ്രവർത്തകർ ധരിക്കുന്ന വെള്ള നിറത്തിലുള്ള നീളൻ കുപ്പായവും ധരിച്ചാണ് സദ്ദ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയത്. വെള്ളക്കുപ്പായത്തിലെ പോരാളികളായ ആരോഗ്യപ്രവർത്തകർക്കുള്ള ആദര സൂചകമായാണ് താരങ്ങൾ വെള്ളക്കുപ്പായത്തിലിറങ്ങിയത്.
കളിക്കളത്തിൽ പോരാളികൾക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് താരങ്ങളുടെ പേരുകളുടെ സ്ഥാനത്ത് താങ്ക്യൂ എന്നെഴുതിയ ജഴ്സിയണിഞ്ഞാണ് സദ്ദ് ടീം അൽഖോറിനെതിരെ പന്ത് തട്ടിയത്. കോവിഡ് –19നെതിരെ മുൻനിരയിൽ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദര സൂചകമായും നന്ദി പ്രകാശിപ്പിച്ചു കൊണ്ടും പ്രത്യേക ജഴ്സിയണിഞ്ഞാണ് കളിക്കളത്തിലിറങ്ങുകയെന്ന് കഴിഞ്ഞ ദിവസം സദ്ദ് ക്ലബ് ട്വീറ്റ് ചെയ്തിരുന്നു.അതേസമയം, നാലു മാസങ്ങൾക്കു ശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങിയ സദ്ദ്, അൽഖോറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. സദ്ദിനായി സൂപ്പർ താരം അക്റം അഫീഫ് ഇരട്ട ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.