ദോഹ: വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ‘കാമ്പസ് ആൻഡ് സ്റ്റുഡന്റ്സ് ലൈഫ് ഇൻ ഖത്തർ’ എന്ന വിദ്യാർഥി കൂട്ടായ്മ കാമ്പയിൻ ആരംഭിച്ചു. തെറ്റായ വിവരങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും ഇല്ലാതാക്കാമെന്നും ഹൈസ്കൂൾ, സർവകലാശാല വിദ്യാർഥികളെ ബോധവത്കരിക്കാനാണ് ശ്രമം. വ്യാജ വാർത്തകളുടെ വ്യാപനം പൊതുജനാഭിപ്രായത്തെ തെറ്റായി സ്വാധീനിക്കുമെന്നതും നിയമാനുസൃതം നല്ല രീതിയിൽ പ്രവർത്തിക്കുന്ന വാർത്ത ഉറവിടങ്ങളുടെ കൂടി വിശ്വാസ്യത ദുർബലപ്പെടുത്തും എന്നതുമാണ് പ്രശ്നം. അവബോധമുള്ള വിദ്യാർഥി സമൂഹത്തെ വളർത്തിയെടുക്കലാണ് ലക്ഷ്യമെന്ന് കാമ്പസ് ആൻഡ് സ്റ്റുഡന്റ്സ് ലൈഫ് ഇൻ ഖത്തർ’ സ്ഥാപകൻ വാഹിദ് സുൽജിക് പറഞ്ഞു. വ്യാജ വാർത്തകൾ ഭിന്നതയുണ്ടാക്കി സാമൂഹിക അടിത്തറ തകർക്കുന്നു. ദിവസവും തങ്ങളിലേക്കെത്തുന്ന വിവരങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്യാനുള്ള വൈദഗ്ധ്യം വിദ്യാർഥികളിൽ ഉണ്ടാക്കിയെടുക്കലാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജവാർത്തകളുടെ വ്യാപനത്തെയും അപകടങ്ങളെയും കുറിച്ച് അവബോധം വളർത്തുക, വിശ്വസനീയമായ വിവരങ്ങൾ തിരിച്ചറിയാനും പരിശോധിക്കുന്നതിനും വിദ്യാർഥികളെ ബോധവത്കരിക്കുക, വ്യാജവാർത്തകൾ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങളും ഉറവിടങ്ങളും നൽകുക, മാധ്യമ സാക്ഷരത പ്രോത്സാഹിപ്പിക്കാൻ വിദ്യാർഥികൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. വെബ്സൈറ്റുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിശ്വാസ്യത പരിശോധിക്കാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകും. ശരിയായ വാർത്ത ഉറവിടങ്ങളുടെ മാതൃകകളും പ്രത്യേകതകളും വിശദീകരിക്കുന്ന ശിൽപശാലകൾ കാമ്പസുകൾ കേന്ദ്രീകരിച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.