മോട്ടോ ജിപി സീസണിൽ കിരീടത്തിനായി മത്സരിക്കുന്ന ഫ്രാൻസിസ്കോ ബഗ്നയും ജോർജ് മാർടിനും ​ട്രോഫിക്കൊപ്പം ലുസൈലിൽ

ഇന്നു മുതൽ ലുസൈലിൽ വേഗപ്പൂരം

ദോഹ: ​വെള്ളിയാഴ്ച മുതൽ മൂന്നു ദിനം ഇനി ലുസൈലിലെ ഇന്റർനാഷനൽ സർക്യൂട്ടിൽ ശരവേഗത്തിൽ കുതിച്ചുപായുന്ന മോട്ടോർ ബൈക്കുകളുടെ പോരാട്ടങ്ങൾ. അതിവേഗ റേസിങ് പ്രേമികളൂട ഇഷ്ട പോരാട്ടമായ മോട്ടോ ജി.പി വേൾഡ് ചാമ്പ്യൻഷിപ് സീസണിലെ 19ാമത്തെ ഗ്രാൻഡ്പ്രീക്ക് ഖത്തറിൽ വെള്ളിയാഴ്ച ആക്സിലേറ്ററുകൾ മുറുകും. 20 ഗ്രാൻഡ്പ്രീകൾ അടങ്ങിയ സീസണിൽ കിരീടപ്പോരാട്ടം ഇഞ്ചോടിഞ്ചായി കനക്കുന്നതിനിടെയാണ് നിർണായക മത്സരത്തിന് ഖത്തറിൽ വേദിയൊരുങ്ങുന്നത്. ലുസൈൽ സർക്യൂട്ടിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ലോകോത്തര റൈഡർമാർ മാറ്റുരക്കുന്ന പോരാട്ടങ്ങൾ.

കഴിഞ്ഞ 20 വർഷമായി ലോകമെങ്ങുമുള്ള മോട്ടോ ജി.പി ആരാധകരുടെ ഇഷ്ട മത്സരങ്ങൾക്ക് ഇതിനകം തന്നെ ഖത്തർ വേദിയായിട്ടുണ്ട്. 2004 മുതൽ മോട്ടോ ഗ്രാൻഡ് പ്രീകളുടെ പതിവു വേദികളിലൊന്നായ ദോഹയിൽ ​മോട്ടോ 2, മോട്ടോ 3 തുടങ്ങി വിഭാഗങ്ങളിലെ മത്സരങ്ങളും എല്ലാ സീസണിലുമായി നടക്കുന്നുണ്ട്.

രണ്ടു സീസൺ മുമ്പ് ഫോർമുല വൺ ഗ്രാൻഡ് പ്രീ കൂടി എത്തിയതോടെ ലോകമെങ്ങുമുള്ള വാഹനയോട്ടക്കാരുടെ പ്രിയ​പ്പെട്ട ഇടമായി ഖത്തറിലെ സർക്യൂട്ടുകൾ മാറി.

കഴിഞ്ഞ 18 എഡിഷൻ മോട്ടോ ജി.പി മത്സരങ്ങളിൽ സ്‍പെയിൻ, ഇറ്റലി, ആസ്ട്രേലിയ, ഫ്രാൻസ് എന്നിവടങ്ങളിൽ നിന്നുള്ള റൈഡർമാരാണ് ഖത്തറിൽ ജേതാക്കളാകുന്നത്. ലുസൈൽ സർക്യൂട്ടിലെ 5.38 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് മത്സരങ്ങളുടെ വേദി. ഫ്ലഡ് ലൈറ്റും, ഏറ്റവും നൂതന സാ​ങ്കേതിക സംവിധാനങ്ങളുമൊരുക്കിയാണ് ലോകോത്തര താരങ്ങളുടെ മത്സരങ്ങൾക്ക് വേദിയൊരുക്കുന്നത്. 18 ​ഗ്രാൻഡ്പ്രീകൾ പിന്നിട്ട സീസണിൽ ഇറ്റലിയുടെ ഡുകാട്ടി റൈഡർ ഫ്രാൻസിസ്കോ ബഗ്നയാണ് 412 പോയന്റുമായി മുന്നിലുള്ളത്. സ്‍പെയിനിന്റെ ജോർജ് മാർടിൻ (398) തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനത്ത് ഇറ്റലിയുടെ തന്നെ മാർകോ ബെസചിയാണ് (323) ഉള്ളത്.

Tags:    
News Summary - Superfast in Lusail from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.