ദോഹ: കാർബൺ പുറന്തള്ളൽ കുറച്ച്, പരിസ്ഥിതി സംരക്ഷണത്തിൽ കാര്യമായ സംഭാവനയായി വൈദ്യുതി, ജലവിഭവ കോർപറേഷന്റെ ദേശീയ ഊർജ സംരക്ഷണ, കാര്യക്ഷമത പദ്ധതിയായ ‘തർശീദ്’. 2023ൽ 500 ദശലക്ഷം കിലോ കാർബൺ ബഹിർഗമനം കുറച്ചതായി ദോഹയിൽ നടന്ന തർശീദ് ഊർജ കാര്യക്ഷമതാ ഫോറത്തിൽ കഹ്റമ പ്രസിഡന്റ് ഇസ്സ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു.
ഹരിതവും കൂടുതൽ സമൃദ്ധവുമായ നാളെ സൃഷ്ടിക്കാനും ഭാവിതലമുറക്കായി സുസ്ഥിരവും ഫലപ്രദവുമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ ഫോറത്തിൽ ചർച്ചചെയ്തു.
ദേശീയ ഊർജ കാര്യക്ഷമത പരിപാടിയായ തർശീദിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും അതിന്റെ നിരവധി വശങ്ങൾ അടുത്തറിയുന്നതിനുമുള്ള സുപ്രധാന പ്ലാറ്റ്ഫോമാണ് രണ്ടു ദിവസം നീണ്ടുനിന്ന ഫോറം. ജലം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട് സുസ്ഥിരതയുടെ ഘടകങ്ങൾ കൈവരിക്കുന്നതിനും വികസനത്തിനായി അവയുടെ ഉപയോഗത്തിന്റെ കാര്യക്ഷമത കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങൾ കഹ്റമ തുടരുമെന്നും പ്രസിഡന്റ് ഇസ്സ ഹിലാൽ അൽ കുവാരി വ്യക്തമാക്കി.
ഖത്തർ ദേശീയ വിഷൻ 2030 അനുസരിച്ച് സുസ്ഥിരത, ഊർജ കാര്യക്ഷമത, ഊർജ പരിവർത്തനം എന്നിവയിലേക്കുള്ള പാതയിൽ തർശീദ് സംരംഭം പുതിയ തുടക്കമാണെന്നും അൽകുവാരി കൂട്ടിച്ചേർത്തു.
ഈ വർഷം തർശീദിന്റെ സഹായത്തോടെ 500 ദശലക്ഷത്തിലധികം കിലോഗ്രാം കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കാനായത് പ്രധാന നേട്ടങ്ങളിൽപെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ തലമുറയിൽ സുസ്ഥിരതയെന്ന ആശയം വളർത്തുന്നതിന്റെ ഭാഗമായി മുന്നൂറിലധികം സ്കൂളുകളിൽ തർശീദ് പരിപാടിയെ പരിചയപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഉപയോഗത്തിലെ മിതത്വവും കാര്യക്ഷമതയും സംബന്ധിച്ച ചട്ടങ്ങളും നിയമനിർമാണങ്ങളും തയാറാക്കി വികസിപ്പിച്ച് നേടിയ നേട്ടങ്ങൾ ഏകീകരിക്കാനും ലക്ഷ്യം കാണുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കാനും തർശീദ് പദ്ധതി അടുത്ത ഘട്ടത്തിൽ 2030വരെ തുടരുമെന്നും കഹ്റമ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.