ദോഹ: ഏഴുവർഷത്തിനപ്പുറം 2030ലെ ഇസ്ലാമിക ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി ലുസൈൽ നഗരം തെരഞ്ഞെടുക്കപ്പെട്ടു. ഖത്തറിൽ നടന്ന ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സയന്റിഫിക്, കൾചറൽ ഓർഗനൈസേഷൻ (ഇസെസ്കോ) സംഘടിപ്പിച്ച ഇസ്ലാമിക രാഷ്ട്രങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ 12ാമത് സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനം.
2024 മുതൽ 2030 വരെ ആറുവർഷത്തേക്ക് ആറ് നഗരങ്ങളെയാണ് ഇസ്ലാമിക ലോകത്തെ സാംസ്കാരിക തലസ്ഥാനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്. 2024ൽ അസർബൈജാനിലെ ഷുഷയും 2025ൽ ഉസ്ബകിസ്താനിലെ സമർഖന്ദുമായിരിക്കും ഇസ്ലാമിക ലോകത്തെ സാംസ്കാരിക തലസ്ഥാനങ്ങൾ. തൊട്ടടുത്ത വർഷം ഫലസ്തീനിലെ ഹെബ്രോണും ഐവറികോസ്റ്റിലെ അബിജാനും 2027ൽ ഈജിപ്തിലെ സിവയുമായിരിക്കും സാംസ്കാരിക തലസ്ഥാനങ്ങൾ. 2030ലാണ് ഖത്തറിലെ പുതുനഗരമായ ലുസൈൽ സാംസ്കാരിക നഗരമെന്ന പദവിയിലെത്തുക.ഖത്തറിന്റെ പൈതൃകത്തിൽനിന്നും സാംസ്കാരിക മൂല്യങ്ങളിൽനിന്നും രൂപപ്പെട്ട ലുസൈൽ എന്ന പേരുള്ള പുതുനഗരം സാംസ്കാരിക വിളക്കുമാടമായാണ് കണക്കാക്കുന്നത്.
38 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ലുസൈൽ നഗരത്തിൽ നാല് ദ്വീപുകളും 19 വിവിധോദ്ദേശ്യ പാർപ്പിട മേഖലകളും വിനോദ, വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. 22 ലോകോത്തര ഹോട്ടലുകളാണ് നഗരത്തിലുള്ളത്. ഖത്തറിന്റെ ആതിഥ്യ മര്യാദ, വിനോദസഞ്ചാരം, നിക്ഷേപങ്ങൾ എന്നിവയുടെ പ്രതിഫലമാണിത്.
ഉന്നത നിലവാരത്തിലുള്ള ഷോപ്പുകൾ, ഫൈൻ ഡൈനിങ് റസ്റ്റാറന്റുകൾ, റെസിഡൻഷ്യൽ സ്പേസുകൾ, ഓഫിസുകൾ, ഹോട്ടലുകൾ, പാർക്കുകൾ, വാട്ടർ ഗാർഡനുകൾ, തിയറ്ററുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, മൾട്ടി സ്ക്രീൻ സിനിമാശാലകൾ തുടങ്ങിയവയാൽ ലുസൈൽ നഗരം വേറിട്ട് നിൽക്കുന്നു. സമീപഭാവിയിൽതന്നെ ലുസൈൽ മ്യൂസിയവും തുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
80,000ലധികം കാണികളെ ഉൾക്കൊള്ളുന്ന ഐക്കണിക് ലുസൈൽ സ്റ്റേഡിയവും ഈ നഗരത്തിന്റെ മാത്രം സവിശേഷതയാണ്. ഖത്തർ വേദിയായ 2022ലെ ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഫൈനലുൾപ്പെടെയുള്ള മത്സരങ്ങൾക്കും സമാപനചടങ്ങുകൾക്കും വേദിയായതും ഈ സ്റ്റേഡിയമാണ്.
ഗ്ലോബൽ സസ്റ്റെയിനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ (ജി.എസ്.എ.എസ്) റേറ്റിങ് ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ലുസൈൽ നഗരം സുസ്ഥിര നഗരങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. മെട്രോ, ലൈറ്റ് റെയിൽ, ട്രാം തുടങ്ങിയ ആധുനിക പാരമ്പര്യേതര ഗതാഗത ശൃംഖലകളെയാണ് നഗരം ഗതാഗതത്തിനായി ആശ്രയിക്കുന്നത്.
സമഗ്രമായ നഗരപദ്ധതി ദൂരം കുറക്കാനും അതിലൂടെ കാർ ഉപയോഗത്തെ ആശ്രയിക്കുന്നത് കുറക്കാനുമാണ് ലക്ഷ്യമിടുന്നത്. ജലസേചനത്തിനായി സംസ്കരിച്ച ജലമുപയോഗിച്ച് 35 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഹരിത ഇടങ്ങളും പാർക്കുകളും നഗരത്തിന്റെ മറ്റു സവിശേഷതകളാണ്. 27 കി.മീ. തീരപ്രദേശത്തെ സംരക്ഷിക്കുന്നതോടൊപ്പം കടൽതീരങ്ങളിൽ കൃത്രിമ പവിഴപ്പുറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രമുഖ സാംസ്കാരിക ചരിത്രങ്ങളുള്ള നഗരങ്ങളെ ആഘോഷിക്കേണ്ടതിന്റെ ആവശ്യകത, അവയുടെ സാംസ്കാരിക, നാഗരിക നേട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുക, ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഇസെസ്കോ ഇസ്ലാമിക ലോകത്തെ സാംസ്കാരിക നഗരങ്ങളെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.