ദോഹ: വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിനു പിന്നാലെ ഖത്തർ വേദിയാവുന്ന ഏറ്റവും വലിയ ലോക മേളയായി 2023 ദോഹ ഹോർട്ടി കൾചറൽ എക്സ്പോ മാറുമെന്ന് അധികൃതർ. 2023 ഒക്ടോബർ 14 ആരംഭിച്ച് 2024 മാർച്ച് 17 വരെ നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോ ലോകകപ്പിനുശേഷം ഖത്തറിന്റെ ഏറ്റവും വലിയ മേളയായിരിക്കുമെന്ന് ഇന്റർനാഷനൽ ഹോർട്ടി എക്സ്പോ 2023 സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗറി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 80 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോയിൽ 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവുമായി ആറുമാസത്തോളം നീണ്ടുനിൽക്കുന്ന മേള രാജ്യാന്തര ശ്രദ്ധ നേടുന്ന വലിയ ഉത്സവമാകും. രാജ്യാന്തര സർവകലാശാലകളും ഖത്തറിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സർവകലാശാലകളുടെയും പങ്കാളിത്തം ദോഹ എക്സ്പോയിലുണ്ടാവും. പരിസ്ഥിതി സംരക്ഷണത്തിലും ജലസേചന ആവശ്യകത കുറക്കുന്നതിലുമുള്ള നവീന ആശയങ്ങൾ വിശദീകരിക്കുന്ന ബൊട്ടാണിക്കൽ ഗാർഡനും പ്രദർശനത്തിലുണ്ടാവും -മുഹമ്മദ് അൽ ഖൗറി പറഞ്ഞു.
നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമായി രാജ്യത്തെ കൃഷിയിടങ്ങളിലെ ജലസേചനം 70 ശതമാനംവരെ കുറച്ചതായി അൽ ഖൗറി പറഞ്ഞു. ഗവേഷണങ്ങളിലൂടെ മണ്ണ് ശാസ്ത്രീയമായി സജ്ജീകരിക്കുന്നതുവഴി ജലസേചന തോത് കുറക്കാൻ കഴിഞ്ഞു. മരുഭൂമിയിലെ ചെടികളിൽ ചിലത് വർഷത്തിൽ ഒരു തവണ മാത്രം ജലസേചനം ചെയ്യപ്പെടുന്നതിലൂടെ മണ്ണിലെ നീരുറവ നിലനിർത്തുന്നതായും തിരിച്ചറിഞ്ഞു. അതിനനുസരിച്ച് ഗവേഷണം നടത്തി കൃഷി വർധിപ്പിക്കുകയും ചെയ്യുന്നു. ദോഹ എക്സ്പോയിലൂടെ സർവകലാശാലകൾക്കും മറ്റും ഇതുസംബന്ധിച്ച് കൂടുതൽ പഠനത്തിന് വഴിയൊരുക്കുമെന്നും കൂടുതൽ പരീക്ഷണം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.