ഗള്‍ഫ് മേഖലകളില്‍ തൊഴിലെടുത്ത് താമസിച്ചു പോരുന്ന പ്രവാസി കുടുംബങ്ങളുടെ അവധിക്കാലങ്ങള്‍ അടുത്ത വര്‍ഷങ്ങളിലായി അത്ര ആനന്ദകരമല്ല. കാരണങ്ങള്‍ പലതാണ്. അവധിക്കാലങ്ങളില്‍ നാട്ടിലേക്ക് പോവാറുണ്ടായിരുന്ന കുടുംബങ്ങള്‍ ഉയര്‍ന്ന വിമാനയാത്രാനിരക്ക് മൂലം യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരാകുന്നു. മാത്രമല്ല ഉയര്‍ന്ന് നിരക്ക് നൽകിയാലും നേരിട്ട് നാട്ടിലേക്ക് സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
മുംബൈ, ഡല്‍ഹി തുടങ്ങി ഇന്ത്യന്‍ സെക്ടറുകള്‍, വിദേശരാജ്യങ്ങള്‍ വഴിയുള്ള കണക്ഷന് വിമാനത്തില്‍ നാട്ടിലെത്താന്‍ ശ്രമിച്ചാല്‍ തന്നെ കുടുംബമായി സഞ്ചരിക്കുന്നവര്‍ക്കത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രവാസി മലയാളി കുടുംബങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നത് സ്കൂള്‍ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവര്‍ധന മാറ്റമില്ലാതെ തുടരുകയാണ്.
വേനലവധി കണക്കാക്കി മാസങ്ങള്‍ക്കു മുമ്പേ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിനാല്‍ പലര്‍ക്കും നേരത്തേ ടിക്കറ്റ് എടുത്തുവെക്കാന്‍ സാധിച്ചിട്ടില്ല. യാത്രാ ദിവസത്തോട് അടുക്കുന്തോറും നിരക്ക് വര്‍ധിക്കുന്നു. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബനാഥനാണെങ്കില്‍ വര്‍ഷത്തെ സമ്പാദ്യം തന്നെ വിമാന ടിക്കറ്റിനു ചെലവഴിക്കേണ്ടിയും വരുന്നു.
നാട്ടില്‍ പോകുന്ന പ്രവാസികൾക്കിത് ചെലവേറിയ അവധിക്കാലമാണ്. വിമാനയാത്രാനിരക്ക് തന്നെ താങ്ങാന്‍ കഴിയാത്ത അവസ്ഥയിലുള്ള സാഹചര്യത്തില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന തരത്തിലാണ് നാട്ടിലെ അവശ്യ സാധനങ്ങള്‍ക്കുള്ള നിരക്കുകളും. കൂടാതെ എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന ജൂലൈ മുതല്‍ നടപ്പാക്കാനുള്ള തീരുമാനവും ബാധിക്കുന്നത് ഗള്‍ഫ് സെക്ടറിലെ യാത്രക്കാരെയാണ്.
ആറായിരം മുതല്‍ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്ന ദുബൈ-കോഴിക്കോട് വിമാന യാത്രക്ക് ഇപ്പോള്‍ 39,000 രൂപ വരെ ഉയര്‍ന്നു. വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ആഗസ്റ്റ് രണ്ടാം വാരം മുതല്‍ കോഴിക്കോട്-ദുബൈ വിമാന ടിക്കറ്റിന് 25,000 മുതലാണ് നിരക്ക്.
ഇതനുസരിച്ച് നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി തിരിച്ചു വരണമെങ്കില്‍ ടിക്കറ്റിന് മാത്രം രണ്ടര ലക്ഷം രൂപയോളം വേണ്ടിവരും. സീസണ് സമയത്ത് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തിയും നിരക്കു കുറച്ചും യാത്രാ ക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്രസര്‍ക്കാറും വ്യോമയാന മന്ത്രാലയവുമാണ് ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തേണ്ടത്.
വിമാനത്താവളങ്ങളിലെ യൂസര്‍ ഫീകളും പ്രവാസിക്ക് പ്രഹരമാവുകയാണ്. ജൂലൈ മുതല്‍ തിരുവനന്തപുരത്തുനിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം എന്നതാണ് പുതിയ നിയമം. വിമാന നിരക്ക് വര്‍ധന മൂലം പൊറുതിമുട്ടിയ പ്രവാസികള്‍ക്ക് ഇത് ഇരട്ട പ്രഹരമായിരിക്കുകയാണ് എയര്‍പോര്‍ട്ട് യൂസര്‍ ഫീ വര്‍ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.