ദോഹ: ഫോർത്ത് എസ്റ്റേറ്റ് അനന്തമായ അവസരങ്ങളുടെയും ശതകോടികളുടെ ബിസിനസുകൾ നടക്കുന്ന ഇടവുമാണെന്ന് രാജ്യാന്തര പ്രശസ്തനായ മലയാളി മാധ്യമ പ്രവർത്തകൻ പാരി രവീന്ദ്രനാഥ്. സിജി ഇൻറർ നാഷനൽ സംഘടിപ്പിച്ച ഡോ.കെ.എം. അബൂബക്കർ മെമ്മോറിയൽ അഞ്ചാമത് സി-ടാക്ക് പ്രഭാഷണ പരമ്പരയിൽ 'ഗ്ലോബൽ മീഡിയ ഔട്ട്ലുക്ക് ആൻഡ് കരിയർ' വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനം ഏറെ ശ്രമകരവും ഒരു പരിധിവരെ അപകടകരവുമാണെന്ന് യുദ്ധമുഖങ്ങളിലടക്കം നൂറിലേറെ രാജ്യങ്ങൾ താണ്ടിയ അനുഭവങ്ങളെ സാക്ഷിയാക്കി പാരി പറഞ്ഞു. ടെലിവിഷൻ സ്ക്രീനിൽ കാണുന്നതുപോലെ തിളക്കമേറിയതോ ലളിതമോ അല്ല.
മാധ്യമ പ്രവർത്തകന് അതിനുള്ള വാസനയും യാഥാർഥ്യബോധവും ജീവിതത്തിലെ കാഴ്ചപ്പാടുകളും ചിന്തകളും പുതുമയുള്ളതും പുനർനിർമിക്കാൻ കഴിയുന്നതുമായിരിക്കണം -അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ ഇന്ന് ഇന്ത്യയിൽ മാധ്യമ പ്രവർത്തകരിൽ പലരും മറ്റാരോടോ വിധേയത്വം പുലർത്തിക്കൊണ്ട് വാർത്തകളും അഭിപ്രായങ്ങളും കലർത്തിക്കൊണ്ടാണ് അവതരിപ്പിക്കുന്നതെന്നും മൂവായിരത്തിലേറെ മാധ്യമപ്രവർത്തകരുടെ തലവനായിരുന്ന പാരി പറഞ്ഞു.
സിജി ഇൻറർനാഷനൽ ആക്ടിങ് ചെയർമാൻ എം.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സിജി ഇൻറർനാഷനൽ കോഓഡിനേറ്റർ റുഖ്നുദ്ദീൻ അബ്ദുല്ല സ്വാഗതവും കരിയർ കോഓഡിനേറ്റർ എൻജിനീയർ നൗഷാദ് വി. മൂസ യാംബൂ നന്ദിയും പറഞ്ഞു. റാബിയ റൂബി, അഹമ്മദ് ശബീർ, ഹനീഫ് തയ്യിൽ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സിജി ഇൻറർനാഷനൽ ചെയർമാൻ കെ.എം. മുഹമ്മദ് മുസ്തഫ നേതൃത്വം നൽകുന്ന ടീമാണ് സി-ടാക് സീരീസ് പ്രഭാഷണ പരമ്പരക്ക് ചുക്കാൻപിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.