ദോഹ: 2021-2022 അധ്യയന വർഷത്തിലെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ രണ്ടാംഘട്ടത്തിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തുടക്കംകുറിച്ചു. മന്ത്രാലയത്തിനു കീഴിലെ സ്കൂൾ ഇവാല്യുവേഷൻ വകുപ്പാണ് സർവേ നടത്തുന്നത്. ആറു മുതൽ 12വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരുമാണ് പങ്കെടുക്കുക.
വിദ്യാഭ്യാസപ്രക്രിയ, മതപരമായ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക, ദേശീയ സ്വത്വം, ഒൺലൈൻ-ഓഫ്ലൈൻ വിദ്യാഭ്യാസം(ബ്ലെൻഡഡ്), സ്കൂളുകളിലെ സുരക്ഷ മുൻകരുതലുകൾ തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമായും സർവേയിലുള്ളത്.
പൊതു, സ്വകാര്യ സ്കൂളുകളിലെയും കിൻറർഗാർട്ടനുകളിലെയും അധ്യാപകരും സർവേയിൽ പങ്കെടുക്കും. സ്കൂളുകളിലെയും കിൻറർഗാർട്ടനുകളിലെയും അധ്യാപനം, തൊഴിൽപരിചയം, പ്രഫഷനൽ ഡെവലപ്മെൻറ്, വിദ്യാഭ്യാസ പ്രക്രിയ, തൊഴിൽ പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിലാണ് അധ്യാപകരുടെ അഭിപ്രായം തേടുന്നത്.
അധ്യാപകർക്കും വിദ്യാർഥികൾക്കും സർവേയിൽ പങ്കെടുക്കാമെന്നും സർവേ ലിങ്ക് എല്ലാ സ്കൂളുകളിലേക്കും കിൻറർഗാർട്ടനുകളിലേക്കും അയച്ചതായും സ്റ്റുഡൻറ് അസസ്മെൻറ് വിഭാഗം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും സർവേ ലിങ്ക് ലഭ്യമാണ്.
സമഗ്ര വിദ്യാഭ്യാസ സർവേയുടെ ഭാഗമാകുന്നതിന് അധ്യാപകരെയും വിദ്യാർഥികളെയും പങ്കെടുപ്പിക്കാൻ പൊതു,സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും അസസ്മെൻറ് വിഭാഗം നിർദേശം നൽകിയിട്ടുണ്ട്.
ജനുവരി 18 മുതൽ ഫെബ്രുവരി അവസാനംവരെയായിരുന്നു സമഗ്ര വിദ്യാഭ്യാസ സർവേയുടെ ആദ്യഘട്ടം. സ്കൂൾ, കിൻറർഗാർട്ടൻ, സ്കൂൾ ഡയറക്ടർ, കിൻറർഗാർട്ടൻ ഡയറക്ടർ എന്നിങ്ങനെ നാല് വിഭാഗമാക്കിയായിരുന്നു ചോദ്യാവലി.
സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം സർവേയിലൂടെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കും. സ്കൂളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനുമുള്ള സുപ്രധാന ഉപകരണമായിട്ടാണ് സർവേഫലങ്ങളെ വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.