ദോഹ: വർഷങ്ങൾ നീണ്ട യാത്രകളിൽ നാടായ നാടെല്ലാം ചുറ്റിയടിച്ച്, ഖത്തറിന്റെ കടൽ പൈതൃകവും സംസ്കാരവുമെല്ലാം വിളിച്ചോതി, ലോകകപ്പ് ഫുട്ബാളിന്റെ പ്രചാരണവും നടത്തിയ ‘ഫതഹ് അൽ ഖൈർ’ പായക്കപ്പൽ നങ്കൂരമിട്ടു. ഇനി ഓൾഡ് ദോഹ തുറമുഖത്ത് സന്ദർശകർക്ക് കാണാനും ചിത്രങ്ങൾ പകർത്താനുമുള്ള ചരിത്ര സ്മാരകമായി ‘ഫതഹ് അൽ ഖൈർ’ ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ ഓൾഡ് ദോഹ തുറമുഖത്ത് ബോട്ടിനെ വരവേറ്റത്.
സ്പെയിനിലെ ബാഴ്സലോണയിൽ നിന്നെത്തിയാണ് ബോട്ട് അതിന്റെ അവസാന യാത്ര പൂർത്തിയാക്കിയത്. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും ഖത്തറിലെ വിശിഷ്ട വ്യക്തികളും പങ്കെടുത്ത ചടങ്ങിൽ കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പ്രഖ്യാപനം നടത്തി. കടൽയാത്രകൾ അവസാനിപ്പിച്ച് ദോഹ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിന്റെ വിശേഷങ്ങളറിയാൻ എല്ലാവർക്കും അവസരമുണ്ടാവുമെന്ന് ഡോ. അൽ സുലൈതി പറഞ്ഞു. കടൽയാത്രയുടെ ആദ്യകാല രൂപമായി പായക്കപ്പൽ മാതൃകയിൽ നിർമിച്ച ഫതഹ് അൽ ഖൈർ 2013ലാണ് ആദ്യമായി നീറ്റിലിറങ്ങുന്നത്. വിവിധ ജി.സി.സി തുറമുഖങ്ങളിലൂടെയായിരുന്ന യാത്ര. പിന്നീട്, 2015ൽ ഇന്ത്യയിലേക്ക് മാസങ്ങൾ നീണ്ട യാത്ര നടത്തി ഫതഹ് അൽ ഖൈർ ശ്രദ്ധേയമായി.
2017ൽ ഒമാൻ, കുവൈത്ത്, 2019ൽ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന യാത്രകളും നടത്തി. ഗ്രീസ്, അൽബേനിയ, ക്രൊയേഷ്യ, മാൾട്ട രാജ്യങ്ങളുടെ തുറമുഖങ്ങൾ സഞ്ചരിച്ചായിരുന്നു ഈ സഞ്ചാരം. 2022 ജൂലൈ മാസത്തിലായിരുന്നു പായക്കപ്പൽ അഞ്ചാം യാത്രക്കായി പുറപ്പെട്ടത്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ പത്തോളം തുറമുഖങ്ങൾ സന്ദർശിച്ച് ഖത്തറിലെ സംസ്കാരവും ജീവിതവുമെല്ലാം പരിചയപ്പെടുത്തിയായിരുന്നു ലോകകപ്പ് ഫുട്ബാളിന്റെ പ്രചാരണ യാത്ര. വിവിധ രാജ്യങ്ങളിൽ നയതന്ത്ര തലത്തിൽതന്നെ സ്വീകരണം നൽകി വരവേറ്റു. ഇപ്പോൾ പത്തുവർഷത്തിനുള്ളിൽ അഞ്ച് ലോക പര്യടനങ്ങൾ പൂർത്തിയാക്കിയാണ് ഖത്തറിന്റെ കടൽ പാരമ്പര്യവും ചരിത്രവുമെല്ലാം പേറുന്ന പായക്കപ്പൽ നങ്കൂരമിടുന്നത്.
ഫതഹ് അൽ ഖൈർ പായക്കപ്പലിന് അവസാന യാത്രയിൽ നൽകിയ സ്വീകരണത്തിൽ കതാറ മേധാവികളും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും
ഇനി രാജ്യത്തിന്റെ സംസ്കാരവും ആദ്യകാല ജീവിതവുമെല്ലാം പരിചയപ്പെടുത്തുന്ന മ്യൂസിയമായി ദോഹ തുറമുഖത്ത് ഫതഹ് അൽ ഖൈർ തലയെടുപ്പോടെ കാത്തിരിക്കും. ബോട്ടിലെ ക്യാപ്റ്റനും ക്രൂവും ഉൾപ്പെടെ ജീവനക്കാരുടെ സേവനത്തെ പ്രഫ. സുലൈതി അഭിനന്ദിച്ചു. സാഹസികമായ അനുഭവങ്ങളും വെല്ലുവിളികളും മറികടന്ന്, കടലിനെ കീഴടക്കിയുള്ള യാത്രയിൽ ഫതഹ് അൽ ഖൈറിന്റെ നായകരെ ആദരിച്ചു. അവസാന യാത്രയിൽ മുഹമ്മദ് അൽ സദയായിരുന്നു ക്യാപ്റ്റൻ. മുത്തുവാരൽ കാലത്തെ കടൽയാത്രക്ക് ഉപയോഗിച്ച, പഴയകാല സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന മാതൃകയിലായിരുന്നു 108 അടി നീളവും 120 ടൺ ഭാരവുമുള്ള ഫതഹ് അൽ ഖൈർ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.