ദോഹ: 2022ൽ ഖത്തർ വേദിയാവുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് രാജ്യത്തിെൻറ കായിക, സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങൾക്കു മാത്രമായിരിക്കില്ല നേട്ടം. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പൊതുജനങ്ങളെ ആകർഷിക്കാനും ലോകകപ്പിന് കഴിയുമെന്ന് വിദഗ്ധരുടെ പഠനറിപ്പോർട്ടുകൾ. കായികസംസ്കാരത്തിന് പ്രചോദനം നൽകുന്നത് വഴി ആരോഗ്യപരിപാലനത്തിൽ മികവുറ്റ സമൂഹവും വളരുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ലൈഫ് സ്റ്റൈൽ മെഡിസിനിലെ പ്രബന്ധത്തിൽ വിശദമാക്കുന്നു.
പൊണ്ണത്തടി, ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ടൈപ് 2 പ്രമേഹം, അർബുദത്തിെൻറ വകഭേദങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിലും ആരോഗ്യകരമായ ജീവിതശൈലി വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് പഠനം നടത്തിയ ഖത്തറിലെ വെയിൽ കോർണിൽ മെഡിസിൻ ഗവേഷക സംഘം പറയുന്നു.
രാജ്യത്തെ 70 ശതമാനം മരണകാരണവും ജീവിതശൈലീ രോഗങ്ങളാണ്. ആരോഗ്യകരമല്ലാത്ത ഡയറ്റുകൾ, പുകയില ഉപയോഗം, വ്യായാമരഹിത ജീവിതം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലിയാണ് രോഗങ്ങൾക്ക് വഴിവെക്കുന്നത്.
ആരോഗ്യകരമായ ജീവിതം നയിക്കാനും കായിക ഫിറ്റ്നസിലേക്ക് ജനങ്ങളെ ആകർഷിക്കാനും ഖത്തർ 2022 ലോകകപ്പ് വലിയ പ്രചോദനമാണെന്ന് അമേരിക്കൻ ജേണലിലെ പ്രബന്ധത്തിൽ രേഖപ്പെടുത്തുന്നു.
'സ്കോറിങ് ലൈഫ്സ്റ്റൈൽ മെഡിസിൻ ഗോൾസ് വിത് ഫിഫ 2022' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ, നേരംപോക്കിനായി കളിക്കുന്ന ഫുട്ബാളിലൂടെ ഹൃദയ-ശ്വാസകോശങ്ങളുടെ പ്രവർത്തനക്ഷമത ഉയർത്താനും എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കാനും പേശികളുടെ ശക്തി കൂട്ടാനും കഴിയുമെന്ന് വ്യക്തമാക്കുന്നുണ്ട്.
നിരന്തരമായി ഫുട്ബാൾ കളിക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ തീവ്രത കുറക്കാനും ടൈപ് 2 പ്രമേഹം, അസ്ഥിക്ഷയം എന്നിവയുടെ അപകടം ഇല്ലാതാക്കാനും കഴിയുമെന്നും ഗവേഷകർ വിശദീകരിക്കുന്നു.
സാമൂഹികമായ കൂട്ടിയിണക്കം സാധ്യമാക്കുന്നതിലും ബന്ധം ശക്തിപ്പെടുത്തുന്നതിലും ഫുട്ബാൾ മികച്ച ഉപാധിയാണെന്നതിനാൽ മാനസികമായ ആരോഗ്യവും നൽകുന്നതായും പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. വെയിൽകോർണിൽ മെഡിസിൻ ഖത്തർ ഡീൻ ഡോ. ജാവൈദ് ശൈഖ്, പ്രഫസർ ഡോ. രവീന്ദർ മമ്താനി, അസോ. പ്രഫസർ ഡോ. സുഹൈല ചീമ, പോപ്പുലേഷൻ ഹെൽത്ത് അസി. ഡീൻ ഡോ. സത്യനാരായണൻ ദുരൈസ്വാമി എന്നിവരുൾപ്പെടുന്ന സംഘമാണ് പഠനം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.