വിമാനത്തിലല്ലാതെ ആകാശ സഞ്ചാരം എന്നും ഒരു സ്വപ്നമാണ്. വർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ ഹോട്ട് എയർ ബലൂണുകൾ ആകാശവീഥികളിൽ കണ്ട അന്ന് മുതൽ ഹോട്ട് എയർ ബലൂൺ റൈഡ് ബക്കറ്റ് ലിസ്റ്റിലെ കിനാവാണ്. 2021ൽ ബലൂൺ ഫെസ്റ്റുണ്ടെന്നറിഞ്ഞത് മുതൽ ടിക്കറ്റ് സ്വന്തമാക്കാനുള്ള ശ്രമങ്ങളായിരുന്നു. അന്വേഷണങ്ങളിൽനിന്ന് അറിഞ്ഞു കാലാവസ്ഥ പ്രതികൂലമായതുകാരണം ആ വർഷത്തെ ബുക്കിങ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നു എന്ന്. സ്വാഭാവികമായും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരന്തരം ബന്ധെപ്പട്ടെങ്കിലും കാത്തിരിപ്പ് നീണ്ടു. മാസങ്ങൾ കഴിഞ്ഞ് 2022ൽ പുതിയ സീസൺ ആരംഭിച്ചപ്പോൾ ടിക്കറ്റ് നിരക്ക് മുൻ വർഷത്തേക്കാൾ ഇത്തിരി അധികമായിരുന്നു. സാധാരണ വില 999 ഖത്തർ റിയാൽ എന്നതിൽ നിന്നും 2021 ൽ ഓഫർ നിരക്ക് 299 ഖത്തർ റിയാൽ മാത്രമായിരുന്നൂ. 2022ൽ 499 ഖത്തർ റിയാൽ എന്ന ഓഫർ നിരക്കിലാണ് ടിക്കറ്റ് സ്വന്തമാക്കിയത്.
ജീവിതകാലം മുഴുവൻ കാത്തുസൂക്ഷിക്കാൻ അതിശയകരമായ കാഴ്ചകളും ഓർമകളും ഉണ്ടാകും എന്ന പ്രതീക്ഷയിൽ കാത്തിരുന്നപ്പോൾ ആണ് ഖത്തർ മെട്രോളജി മുന്നറിയിപ്പ് പ്രകാരം കാറ്റിന്റെ വേഗം കൂടുവാൻ സാധ്യതയുണ്ടെന്നും യാത്ര മാറ്റിവെക്കേണ്ടിവരുമെന്നും വിവരം ലഭിക്കുന്നത്. പറവയെ പോലെ പാറിനടക്കുന്നതും ആകാശ സെൽഫികളും ഈ കാറ്റിൽ പാറിപ്പോകുമോ എന്ന സംശയത്തിനു കാറ്റിനേക്കാൾ വേഗംകൂടി.
ആകാശയാത്ര സ്വപ്നം കണ്ട് 2023 അവസാനമാകുന്നത് വരെ ദിവസങ്ങൾ തള്ളിനീക്കി. ഏതു സമയവും നിങ്ങൾക് പറക്കാനുള്ള അവസരം ഉണ്ടാകാം, ‘ബീ റെഡി’ എന്ന അറിയിപ്പ് ലഭിക്കുന്നത് ഈ വർഷം ഒക്ടോബർ അവസാന വാരം. നവംബറിലെ വെള്ളിയാഴ്ചകളിലെ മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചു. ആദ്യത്തെ മൂന്ന് വെള്ളിയാഴ്ചകളിലും പ്രതീക്ഷകൾ മാത്രം. അവസാനം ഓർക്കപ്പെടേണ്ട ദിവസങ്ങളിലൊന്നായി വേഴാമ്പലിനെപോലെ കാത്തുനിന്ന ആ ദിവസം നവംബറിലെ 24ാം തീയതി വന്നെത്തി.
പതിവിനു വിപരീതമായി വ്യാഴാഴ്ച നേരത്തെതന്നെ ഉറങ്ങാൻ കിടന്നു. അതിരാവിലെ എഴുന്നേറ്റ് 4.55ന് റമദയുടെ അടുത്ത് കാത്തുനിന്ന ബസിൽ ഓടിക്കയറി. പരിചയക്കാരനായ ഫെബിനും അവന്റെ സുഹൃത്തുക്കളായ അബു ഹസനും ഭാര്യ നസിയയും ബസിലിരിക്കുന്നത് കണ്ടപ്പോൾ മലയാളി സാഹസികർ കൂടെ ഉണ്ടല്ലോ എന്ന ആശ്വാസവും ഫോട്ടോ എടുക്കാൻ ആളായല്ലോ എന്ന മനസ്സമാധാനവും യാത്രയുടെ തുടക്കത്തിൽതന്നെ ഇരട്ടിമധുരമായി. ഞങ്ങളുടെ ബലൂണിൽ 11 യാത്രികരും കൂടെ ഒരു പൈലറ്റുമായിരുന്നു ഉണ്ടായത്. അതേപോലെ തന്നെ മറ്റൊരു ബലൂണും 11 യാത്രികരുമായി ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ നാലു പേരൊഴികെയുള്ള യാത്രികർ യൂറോപ്യൻസും ഖത്തറികളുമായിരുന്നു.
എമർജൻസി ബ്രീഫിങ്ങിൽ യാത്രയുടെ തുടക്കത്തിലും ലാൻഡിങ്ങിലും ഇരിക്കേണ്ട പ്രത്യേക രീതിയിലുള്ള പൊസിഷനുകളും, തീച്ചൂടുള്ള ഭാഗത്തു നീളമുള്ളവരുണ്ടെങ്കിൽ തൊപ്പിധരിക്കേണ്ട അനിവാര്യതയും പ്രത്യേകം വ്യക്തമാക്കി തന്നു. ഏവിയേഷൻ ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ട് യാത്രയുടെ വിവരങ്ങളും ബലൂണിന്റെ പൊസിഷനുകളും പൈലറ്റ് കൈമാറുന്നുണ്ടായിരുന്നു. എല്ലാവരെയും നിശ്ചിത അകലത്തിൽ നിർത്തിയതിനു ശേഷം വലിയ രണ്ട് ഫാനുകളുടെ സഹായത്തോടെ കാറ്റ് നിറച്ച് അതിലേക്ക് പിന്നീട് ഗ്യാസ് ഉപയോഗിച്ചു തീച്ചൂടിലൂടെ മർദം സൃഷ്ടിക്കുമ്പോൾ ബലൂണിനു ജീവൻ വെച്ചത് പോലെ ഉയർന്നുവരുമ്പോഴാണ് പൈലറ്റ് ഞങ്ങളെ അതിന്റെ കൊട്ടയിലേക്ക് (സ്റ്റാൻഡിങ് ചേംബർ) കയറാൻ ആവശ്യപ്പെട്ടത്. വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാവുകയായിരുന്നു. കാറ്റുനിറച്ച് കൂറ്റൺ ബലൂൺ തീച്ചൂടേറ്റുതുടങ്ങിയതോടെ പറന്നുയരാൻ തുടങ്ങി. പ്രഭാതത്തിലെ തണുത്ത വായുവിന്റെ ആലിംഗനത്തിൽ, ഉദയസൂര്യൻ തീർത്ത വർണങ്ങൾക്കു കീഴെ ഞങ്ങളും ഉയർന്നു തുടങ്ങി. ബലൂൺ അനായാസമായി തെന്നിനീങ്ങുമ്പോൾ, പ്രകൃതിദൃശ്യങ്ങൾ അതിശയകരമായി വിരിയുന്നു. കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന കെട്ടിടങ്ങളുടെയും ഖത്തറിന് പ്രകൃതിയോട് നീതിപുലർത്താൻ നിർമിച്ച പച്ചപ്പുകളുടെയും ലോകമാമാങ്കത്തിന്റെ വേദികളുടെയും ഒരു പാച്ച് വർക്ക്.
താഴെയുള്ള തിരക്കിൽനിന്നുമാറി സമാധാനപരമായ ഒരു സങ്കേതത്തിലിരുന്ന് നോക്കുമ്പോൾ ലോകം നിശ്ശബ്ദമായതായി തോന്നുന്നു. ഇടക്കിടക് ഗ്യാസ് ബർണറിന്റെ താളാത്മകമായ ശബ്ദം, നിശ്ശബ്ദതക്കിടയിലും ചൂടുകാറ്റിലോടുന്ന ബലൂണിലാണ് നിങ്ങളുള്ളതെന്ന മുന്നറിയിപ്പ് നൽകുന്നു. കാഴ്ചകൾ കണ്ടിരിക്കണോ, ഫോട്ടോ എടുക്കണോ, ആസ്പയർ പാർക്കിൽ പ്രഭാത സവാരിയിലുള്ള ആരെയെങ്കിലും തിരിച്ചറിയാൻ പറ്റുമോ, അതോ പൈലറ്റിന്റെ വിവരണങ്ങൾ കേൾക്കണോ എന്ന സംശയത്തിൽ സമയം കടന്നുപോകുന്നു.
യാത്രാ സംഘങ്ങൾ
ഖറാഫത് റയ്യാൻ ഭാഗത്തുനിന്ന് തുടങ്ങിയ യാത്ര 1500 അടിയും പിന്നിട്ട് ആകാശത്തിലാണിപ്പോൾ. എജുക്കേഷൻ സിറ്റി വഴി , സിദ്ര മെഡിക്കൽ സിറ്റിയുടെ മുകളിലൂടെ ആസ്പയർ പാർക്കും താണ്ടി ഖറാഫ സ്റ്റേഡിയത്തിലെ വർണാഭമായ ട്രാക്കുകളും പിച്ചുകളും കണ്ട് ഇടക്ക് ഏതോ ഒരു ഭാഗത്തുള്ള ആട്ടിൻകൂട്ടങ്ങളെയും കണ്ട്, ഇൻഡസ്ട്രിയൽ ഏരിയയുടെ ചക്രവാളത്തിലൂടെ, തുമാമ വരെ ഒരു മണിക്കൂർ നേരം നീളുന്ന യാത്ര. മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ആകാശം തെളിഞ്ഞതിനാൽ കൂടുതൽ ദൂരക്കാഴ്ചകൾ കാണാൻ സാധിച്ച നിങ്ങൾ ഭാഗ്യവാന്മാരാണെന്ന് പൈലറ്റ് ഓർമപ്പെടുത്തി.
ഇതൊരു മാന്ത്രികയാത്രയാണ്, കാറ്റിനും തണുപ്പിനുമൊപ്പം, ഹൃദയത്തിലും ആത്മാവിലും വിസ്മയത്തിന്റെയും അത്ഭുതത്തിന്റെയും മായാത്ത അടയാളം അവശേഷിപ്പിക്കുന്ന, ഓരോ നിമിഷവും വിസ്മയകരമായ, എന്നുമെന്നും ഓർത്തിരിക്കാവുന്ന, ചെലവഴിക്കുന്ന പണത്തിനു വിലമതിക്കുന്ന യാത്ര. ഖത്തർ നാഷനൽ ടൂറിസം കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അസ്ഫാരി ഖത്തർ എന്ന ടൂർ-ട്രാവൽ പ്രൈവറ്റ് എജൻസി വഴിയാണ് ഞങ്ങൾ യാത്ര ചെയ്തത്. 2024 മാർച്ച് വരെയുള്ള ഹോട്ട് എയർ ബലൂൺ ട്രിപ്പിന്റെ ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ഖത്തറിനെ ഹോട്ട് എയർ ബലൂൺ പ്രേമികൾ സന്ദർശിക്കേണ്ട ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഉദ്ദേശിച്ചു ഡിസംബർ ഏഴ് മുതൽ 18 വരെ ഖത്താറയിൽ ഹോട്ട് എയർ ബലൂൺ ഫെസ്റ്റിവൽ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ ടൂറിസം. ഈ ഫെസ്റ്റിവൽ കാഴ്ചക്കാർക്കും നല്ല ഒരു അനുഭൂതി തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.
-അബ്ദുല്ല പൊയിൽ
ലേഖകൻ അബ്ദുല്ല പൊയിൽ ഹോട് എയർ ബലൂൺ പൈലറ്റിനൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.