ദോഹ: നിറഞ്ഞൊഴുകിയ ഖത്തർ മലയാളികൾക്ക് ഗൗരവമായ വിഷയങ്ങളിൽ ഒരുപിടി ചർച്ചകളും കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദങ്ങളുമെല്ലാം ഒരുക്കിയ ഒരു പകൽ. കേരളത്തിൽനിന്നുള്ള സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരുടെ സാന്നിധ്യവും പ്രഭാഷണങ്ങളുംകൊണ്ട് ശ്രദ്ധേയമായ എട്ടാമത് ഖത്തർ മലയാളി സമ്മേളനം ഉജ്ജ്വലമായി സമാപിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ആസ്പയർ സോണിലെ ലേഡീസ് സ്പോർട്സ് ഹാളിൽ തുടക്കം കുറിച്ച സമ്മേളന വേദിയിലേക്ക് മലയാളി പ്രവാസി സമൂഹം ഒഴുകിയെത്തി. രാവിലെ നടന്ന ചടങ്ങിൽ ഖത്തർ പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് അബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു.
സ്നേഹവും സൗഹാർദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധ പുലര്‍ത്തുന്ന ഖത്തറില്‍, ഇന്ത്യന്‍ സമൂഹം, വിശിഷ്യാ മലയാളി സമൂഹം നടത്തുന്ന ഇടപെടലുകള്‍ അഭിനന്ദനീയമാണെന്ന് ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ‘കൊറോണ പ്രതിസന്ധികാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ച അദ്ദേഹം, പൊതുജനാരോഗ്യ വിഭാഗം രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ ബോധവത്കരണ പരിപാടികളെ കുറിച്ച് ഓർമിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രതിജ്ഞാബദ്ധമാണെന്നും, ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം കണ്‍വീനര്‍ റഷീദ് അലി വി.പി സ്വാഗതം പറഞ്ഞു. ഷാനവാസ് ബാവ സമീര്‍ ഏറാമല എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു.
തുടർന്നു നടന്ന ടീൻ ആൻഡ് പാരന്റ് സെഷനിൽ ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. ‘പരാജയമാണ് മനുഷ്യനെ ജീവിതം പഠിപ്പിക്കുന്നത്. അതുകൊണ്ട് ജീവിതത്തിൽനിന്ന് പരാജയപ്പെടാനും പരിശീലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ച 12.45ന് ആരംഭിച്ച കുടുംബ സെഷൻ മുഹമ്മദ് ഈസ ഉദ്ഘാടനംചെയ്തു. പി.എം.എ. ഗഫൂർ, ഡോ. അജു എബ്രഹാം എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന മാധ്യമ സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകൻ രാജീവ് ശങ്കരൻ, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിച്ചു.
വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സമാപന സമ്മേളനം ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. കെ. മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ആലങ്കോട് ലീലാ കൃഷ്ണൻ, ബിഷപ് ഡോ. ഗീവർഗീസ് മാർ കുറിലോസ്, ഡോ. എം.ജി. മല്ലിക, ഡോ. കെ. ജമാലുദ്ദീൻ ഫാറൂഖി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.