ദോഹ: ആരാവും വൻകരയുടെ ഫുട്ബാൾ താരം. വമ്പൻ ടീമുകളും താരങ്ങളും മാറ്റുരക്കുന്ന ഏഷ്യൻ ഫുട്ബാളിലെ താരത്തെ പ്രഖ്യാപിക്കുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ അവാർഡ് രാത്രിക്ക് ചൊവ്വാഴ്ച ദോഹ വേദിയാകും. 31ന് ദോഹയിലെ ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലെ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് താരപ്രഖ്യാപനം. എ.എഫ്.സിയുടെ ഗ്ലോബൽ പാർട്ണറായ നിയോം ക്യു.എൻ.സി.സിയിലെ ഐക്കണിക് അൽ മയാസ തിയറ്ററിൽ നടക്കുന്ന എ.എഫ്.സി അവാർഡിന്റെ 27ാമത് പതിപ്പിൽ ഏറ്റവും പുതിയ പ്ലെയർ ഓഫ് ദി ഇയർ, എ.എഫ്.സി വുമൺസ് പ്ലെയർ ഓഫ് ദി ഇയർ എന്നിവരെ പ്രഖ്യാപിക്കും.
പുരുഷ വിഭാഗത്തിൽ ഖത്തറിന്റെ അൽ മുഇസ് അലി, ആസ്ട്രേലിയയുടെ മാത്യൂ ലെക്കി, സൗദി അറേബ്യയുടെ സാലിം അൽ ദൗസരി എന്നിവരും വനിതാവിഭാഗത്തിൽ ആസ്ട്രേലിയയുടെ സാമന്ത കെർ, ചൈനയുടെ ഷാങ് ലിൻയാൻ, ജപ്പാന്റെ സാകി കുമാഗെ എന്നിവരാണ് അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഖത്തർ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന എ.എഫ്.സി വാർഷിക അവാർഡ് ദോഹ 2022, ഖത്തർ സമയം രാത്രി എട്ടിന് ആരംഭിക്കും. ഏഷ്യൻ ഫുട്ബാൾ ആരാധകർക്ക് എ.എഫ്.സിയുടെ ഡിജിറ്റൽ ചാനലുകളിൽ തിളങ്ങുന്ന ഗാലറിയിൽനിന്നുള്ള മുഴുവൻ ദൃശ്യങ്ങളും എക്സ്ക്ലൂസീവായി കാണാൻ സാധിക്കും. നാലു വർഷത്തെ ഇടവേളക്കുശേഷമാണ് മികച്ച താരങ്ങളെ കണ്ടെത്തുന്ന എ.എഫ്.സി അവാർഡ് പ്രഖ്യാപനം നടക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.