ദോഹ: പ്രവാസികൾക്കിടയിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്ന സമ്മേളനവുമായി ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ ‘യുനീഖ്’. ഡിസംബർ രണ്ടിന് ശനിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ ബിർള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിദഗ്ധർ പങ്കെടുക്കുമെന്ന് ‘യുനീഖ്’ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം രാവിലെ 9.30ന് അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും.
മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ, ജീവിതസാഹചര്യങ്ങളിൽ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം പ്രധാനമാണെന്ന് ബോധ്യപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. സമ്മർദങ്ങളുടെ ചുറ്റുപാടിലും എല്ലാത്തിനെയും പ്രതിരോധിക്കാനും പിടിച്ചുനിൽക്കാനുമുള്ള കരുത്ത് പകരുക എന്ന ലക്ഷ്യത്തിൽ ‘എംബ്രേസിങ് റെസിലിയൻസ് ഇൻ ദിസ് ചേഞ്ചിങ് വേൾഡ്’ എന്നാണ് സമ്മേളനത്തിന്റെ പ്രമേയം.
യുനീഖ് പ്രസിഡന്റ് ലുത്ഫി കലമ്പൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, ഡോ. മോഹൻ തോമസ് ‘തീം’ ഓപണിങ് നിർവഹിക്കും. ജോർജ് ജോയ് മോഡറേറ്ററാവും. എച്ച്.എം.സി ക്ലിനിക്കൽ സർവിസ് ഡെവലപ്മെന്റ് എക്സി. ഡയറക്ടർ കറ്റ്ജ ഡബ്ല്യൂ. സ്മിത്ത്, യൂനോയ പ്രതിനിധി ചിഞ്ചു ഫ്രാൻസിസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജാസിം കൂരങ്കോട്ട്, ജോജി മാത്യു, സംരംഭക നബീസ കുട്ടി, അഹമ്മദ് ഗമാൽ എന്നിവർ പങ്കെടുക്കും. വിവിധ സംഘടന പ്രതിനിധികൾ, അധ്യാപകർ, ഡോക്ടർമാർ, പ്രഫഷനലുകൾ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്കാണ് സമ്മേളനത്തിൽ പ്രവേശനം.
‘യുനീഖ്’ നേതൃത്വത്തിൽ നടക്കുന്ന മാനസികാരോഗ്യ മേഖലയിലെ വലിയ പദ്ധതികളുടെ തുടക്കമാണ് ഈ സമ്മേളനമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ യുനീഖ് ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, വൈസ് പ്രസിഡന്റ് അമീർ, ട്രഷറർ ദിലീഫ് ഭാർഗവൻ, മെൻറൽ ഹെൽത്ത് കോൺഫറൻസ് കൺവീനർ ജിസ് തോമസ്, എജുക്കേഷൻ വിങ് അംഗങ്ങളായ സലീന കൂളത്ത്, ജോർജ് വി. ജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.