ദോഹ: കോവിഡ് വാക്സിൻ കുത്തിവെപ്പിൽ 30 ലക്ഷം ഡോസ് കടന്ന് ഖത്തർ. ശനിയാഴ്ച 19,576 പേർക്ക് കൂടി വാക്സിനേഷൻ പൂർത്തിയാക്കിയതോടെയാണ് ഖത്തറിൻെറ ആകെ ഡോസ് 30,08,822ലെത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ 71.3 ശതമാനം പേർ ആദ്യ ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 58.2 ശതമാനം ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. 40 വയസ്സിന് മുകളിലുള്ളവരിൽ 90.3 ശതമാനം പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായാണ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുകൾ.
ഈ വർഷം ഫെബ്രുവരി 17ന് രാജ്യത്തെ വാക്സിനേഷൻ ഒരുലക്ഷ്യത്തിലെത്തിച്ച ഖത്തർ പിന്നീട് അതിവേഗത്തിലാണ് ഇത് തുടർന്നത്.രാജ്യത്ത് കോവിഡ് വാക്സിനേഷൻ നടപടികൾക്കായി ഊർജിത ശ്രമമാണ് മന്ത്രാലയവും ഹമദ്മെഡിക്കൽ കോർപറേഷനും ചേർന്ന് നടത്തുന്നത്. ഇൻഡസ്ട്രിയൽ ഏരിയയിൽ ലോകത്തെ ഏറ്റവും വിശാലമായ വാക്സിനേഷൻ സെൻറർ പ്രവർത്തനസജ്ജമാക്കിയാണ് ഖത്തർ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയത്.
മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിൽ ഒരുക്കിയ സെൻററിൽ 300ലേറെ സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. 700ഓളം ജീവനക്കാരുടെ സേവനവും ലഭിക്കുന്ന ഇവിടെ പ്രതിദിനം 25,000 ഡോസ് കുത്തിവെക്കാൻ സൗകര്യമുണ്ട്. 27 ഹെൽത്ത് സെൻററുകൾ ഉൾപ്പെടെ രാജ്യത്തെ പ്രതിദിന വാക്സിനേഷൻ ശേഷി 40,000 ഡോസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.