ദോഹ: ലോകകപ്പിനെത്തുന്ന ആരാധകർക്കായുള്ള ഖത്തറിന്റെ തയാറെടുപ്പിനെ പ്രശംസിച്ച് രാജ്യാന്തര മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട്. വൈവിധ്യമാർന്ന നിരവധി താമസസൗകര്യങ്ങളാണ് ഖത്തർ ആരാധകർക്കായി ഒരുക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലോകകപ്പ് വേളയിൽ ദശലക്ഷത്തിലധികം പേർ ഖത്തറിലേക്ക് സഞ്ചരിക്കുമെന്നും വ്യക്തമാക്കി.
ലോകത്ത് നടക്കുന്ന വമ്പൻ പരിപാടികളെല്ലാം നേരിടുന്ന പ്രധാന പ്രശ്നം സന്ദർശകരുടെയും ആരാധകരുടെയും താമസപ്രശ്നമാണ്. അതേസമയം, ഖത്തർ ആരാധകർക്കായി ഒരുക്കുന്നത് വ്യത്യസ്തവും വൈവിധ്യവുമാർന്ന താമസസൗകര്യങ്ങളാണെന്നും അതിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ട് ആഡംബര ക്രൂസ് കപ്പലുകൾ വരെയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒമ്പത് പൂളുകൾ, 3898 കാബിനുകൾ, 10 ഡൈനിങ് ഓപ്ഷനുകൾ, സ്പാ, ടെന്നിസ് കോർട്ട് തുടങ്ങിയ സൗകര്യങ്ങൾ ഇവയിലുണ്ട്.
ദോഹ നഗരമധ്യത്തിലേക്ക് കപ്പലുകളിൽനിന്ന് 10 മിനിറ്റ് ദൂരം മാത്രമാണുള്ളത്. ഒരു രാത്രിക്ക് റൂമിന് 605 ഡോളർ മുതൽ 2779 ഡോളർ വരെയാണ് നിരക്ക്. 28 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻറിനായി ഒരു ലക്ഷം മുതൽ 1,30,000 റൂമുകൾ വരെയാണ് ഖത്തർ തയാറാക്കുന്നതെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
ഒന്ന് മുതൽ ആറ് ബെഡ്റൂമുകൾ വരെയുള്ള അപ്പാർട്ട്മെൻറുകളും വില്ലകളും അധികൃതർ ഓഫർ ചെയ്യുന്നുണ്ട്. 84 ഡോളർ മുതൽ 875 ഡോളർ വരെയാണ് ഇവിടെ ഒരു രാത്രി താമസിക്കുന്നതിനുള്ള ചെലവ്. പൊതു ഗതാഗത സംവിധാനങ്ങളുമായി ഏറ്റവും അടുത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഖത്തറിലെ താമസക്കാർക്കും തങ്ങളുടെ വീടുകൾ ഖത്തറിലെത്തുന്ന ആരാധകർക്കായി വാടകക്ക് നൽകാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഖത്തർ ടൂറിസത്തിൽനിന്നുള്ള അനുമതിയോടെ മാത്രമേ ഇത് സാധ്യമാകൂ.
ഫാൻ വില്ലേജുകളിലെ കാബിൻ രീതിയുള്ള താമസത്തിന് ഒരു ദിവസത്തിന് 207 ഡോളറാണ് ചെലവ്. ദോഹക്ക് പുറത്താണ് ഇവ നിർമിക്കുന്നത്. അതോടൊപ്പം പൗരാണിക ബദൂയിൻ തമ്പുകൾക്ക് സമാനമായ മരുഭൂമിയിലെ ക്യാമ്പിങ്ങും സന്ദർശകർക്ക് ഉപയോഗപ്പെടുത്താം. എന്നാൽ, ഇവ നിലവിൽ ബുക്കിങ്ങിനായി ലഭ്യമല്ല. 1000 ബദൂയിൻ തമ്പുകൾ ടൂർണമെൻറിനായി സജ്ജമാക്കുമെന്ന് സുപ്രീം കമ്മിറ്റി അക്കമഡേഷൻ മേധാവി ഒമർ അൽ ജാബിർ നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 200 തമ്പുകൾ ആഡംബര വിഭാഗത്തിലായിരിക്കും ഉൾപ്പെടുത്തുക.
ഖത്തറിലെത്തുന്നവർക്കായി ന്യായവിലയിൽ മികച്ച താമസസൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സുപ്രീം കമ്മിറ്റി വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാന പങ്കാളികളുമായി സഹകരിച്ച് മികച്ചവിലയിൽ താമസസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.