ദോഹ: ഇന്ത്യയിലെ ഗ്രാമങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന എജുക്കേറ്റ് ഗേൾസ് പദ്ധതിക്ക് ഖത്തർ ഫൗണ്ടേഷൻ ആസ്ഥാനമായുള്ള വൈസ് (വേൾഡ് ഇന്നൊവേഷൻ സമ്മിറ്റ് ഫോർ എജുക്കേഷൻ) വിദ്യാഭ്യാസ പുരസ്കാരം. പദ്ധതി സ്ഥാപകയും സി.ഇ.ഒയുമായ സഫീന ഹുസൈൻ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയിൽനിന്ന് 2023ലെ വൈസ് വിദ്യാഭ്യാസ പുരസ്കാരം ഏറ്റുവാങ്ങി.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന എല്ലാവരുടെയും വിജയമാണിതെന്നും സർക്കാറുകളും പ്രാദേശിക സമൂഹങ്ങളും തങ്ങളെ പിന്തുണച്ചവരുമെല്ലാം ഈ വിജയത്തിന്റെ പങ്കാളികളാണെന്നും ‘വൈസ്’ പുരസ്കാരം ഏറ്റുവാങ്ങി സഫീന ഹുസൈൻ പറഞ്ഞു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുള്ള സംരംഭങ്ങൾക്കുള്ള സാക്ഷ്യപത്രമാണ് പുരസ്കാരം.
എല്ലാ ഗ്രാമങ്ങളിലെയും ഓരോ പെൺകുട്ടിയും സ്കൂളിലാണെന്നും നന്നായി പഠിക്കുന്നുവെന്നും ഉറപ്പാക്കാൻ അശ്രാന്ത പരിശ്രമമാണ് ഇത്തരം കൂട്ടായ്മകൾ ചെയ്യുന്നത്.
വിദ്യാഭ്യാസത്തിനായുള്ള പെൺകുട്ടിയുടെ അവകാശം പരമപ്രധാനമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം ഉപേക്ഷിച്ച് വീണ്ടും അതിലേക്ക് തിരികെയെത്തി ഉന്നതപഠനം നേടി നഗരത്തിന്റെ അധ്യക്ഷയാവുകയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയൊരു തുക ബജറ്റിൽനിന്ന് നീക്കിവെക്കുകയും ചെയ്ത ഒരാളുടെ ഉദാഹരണവും സംസാരത്തിനിടെ അവർ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികൾക്കും സംഘടനകൾക്കുമാണ് ‘വൈസ്’ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. അഞ്ച് ലക്ഷം ഡോളറാണ് പുരസ്കാരത്തുക. 16 വർഷമായി ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും സ്ത്രീ വിദ്യഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘എജുക്കേറ്റ് ഗേൾസ്’ എന്ന എൻ.ജി.ഒക്ക് നേതൃത്വം നൽകുകയാണ് സഫീന ഹുസൈൻ.
ഈ കാലയളവിൽ 15 ലക്ഷത്തോളം കുട്ടികളെ സ്കൂളിലെത്തിക്കാനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും ഇവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.
നിർമിതബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അടുത്ത വർഷങ്ങളിൽ 10 ദശലക്ഷം പെൺകുട്ടികളിലേക്ക് എത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ നായിക വിശദീകരിക്കുന്നു.
ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞുവെന്നതാണ് ഇവരുടെ നേട്ടം. രാജസ്ഥൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 13,000 ഗ്രാമങ്ങളിൽ സേവനം ലഭ്യമാക്കുന്നു. 2014ലും സഫീന ഹുസൈന്റെ എജുക്കേറ്റ് ഗേൾസിന് വൈസ് പുരസ്കാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.