സ്‍പെയിനിൽ നിന്നും ഖത്തറിലേക്ക് കാൽനടയായി പുറപ്പെട്ട സാന്‍റിയാഗോ എവിടെ?

ദോഹ: സ്‍പെയിനിലെ മഡ്രിഡി​ൽ നിന്നും ഖത്തറിലേക്ക് നടത്തം തുടങ്ങിയ ഫുട്ബാൾ ആരാധകൻ സാന്റിയാഗോ എവിടെയാണ്...? തന്റെ ഉന്തുവണ്ടിയുമായി വിവിധ രാജ്യങ്ങളിലൂടെ കാൽനടയായി സഞ്ചരിക്കുന്ന സാന്റിയായോ സാഞ്ചസ് കൊഗേദറിനെ കുറിച്ച് കഴിഞ്ഞ 20 ദിവസമായി വിവരങ്ങളൊന്നുമില്ലെന്ന ആശങ്കയിലാണ് ലോ​കമെങ്ങുമുള്ള ഫുട്ബാൾ ആരാധകരും അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ ആരാധകരും.

സ്‍പെയിനിൽ തുടങ്ങി, ഫ്രാൻസ്, ഇറ്റലി, അൽബേനിയ, ഗ്രീസ്, തുറക്കി, വഴി ഇറാഖിലെത്തിയ സാന്റിയാഗോ ഇറാൻ അതിർക്കരികിൽ നിന്ന് ഒക്ടോബർ ഒന്നിനാണ് അവസാന സന്ദേശം പങ്കുവെച്ചത്. വടക്കൻ ഇറാഖിലെ അതിർത്തി നഗരത്തിൽ നിന്നും ഇറാനിലേക്ക് കടക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു അവസാന ഇൻസ്റ്റഗ്രാം സന്ദേശം കുറിച്ചത്. 'ഇന്ന് വെള്ളിയാഴ്ചയാണ്. എല്ലായിടവും അടച്ചിട്ടിരിക്കുന്നു. ഒരു ചെറിയ കടയിൽ നിന്നും ഇറച്ചികോഴി വാങ്ങിയിട്ടുണ്ട്. ഒരു മലനിര കൂടി കടന്നാൽ ഇറാനായി...' എന്ന് തുടങ്ങി കുട്ടികൾക്കൊപ്പം കളിച്ചതിന്റെയും ഗ്രാമീണരുടെ ആതിഥ്യം ഏറ്റുവാങ്ങിയതിന്റെയും ഓർമകൾ പങ്കുവെച്ചായിരുന്നു അവസാന കുറിപ്പ്.

പിന്നീട് ഇൻസ്റ്റ പേജിൽ നിന്നും പോസ്റ്റുകളൊന്നും വന്നില്ല. ഏതാനും ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സാന്റിയാഗോ സാഞ്ചസിന്റെ സുഹൃത്തുക്കളും വായനക്കാരും തന്നെ ഇൻസ്റ്റ പേജിലൂടെ അന്വേഷണം ആരംഭിച്ചു. അതിർത്തിഗ്രാമമായ പെൻജ് വെനിൽ നിന്നായിരുന്നു അവസാന ചിത്രം പകർത്തിയത്. മലനിരകൾക്കപ്പുറം ഇറാൻ കാണുന്നതായും, ഗ്രാമീണർക്കൊപ്പം താമസിച്ചതിന്റെയും ഭക്ഷണം കഴിച്ചതിന്റെയുമെല്ലാം ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

ഒക്ടോബർ രണ്ടിന് സ്പാനിഷ് സമയം 12.30നാണ് ഏറ്റവും ഒടുവിൽ സാന്റിയാഗോയുടെ സന്ദേശം ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് പറയുന്നു. അടുത്ത സുഹൃത്തുക്കൾ അടങ്ങിയ ഗ്രൂപ്പിൽ ദിവസവും താൻ എത്തിയ സ്ഥലവും മാപ്പുമെല്ലാം പങ്കുവെക്കുന്ന സാന്റിയാഗോയെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് ഇവർ പരിഭവിക്കുന്നു. അതിർത്തിയിലോ മറ്റോ തടവിലായിരിക്കാമെന്ന് സാന്റിയാഗോയുടെ കുടുംബ വക്താവും സുഹൃത്തുമായി മിഗ്വേൽ ബർഗാഡോ സ്പാനിഷ് മാധ്യമങ്ങ​ളോട് പ്രതികരിച്ചു. ഇറാനിലെ സ്പാനിഷ് എംബസിയും സാന്റിയാഗോക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് സാന്റിയാഗോ മഡ്രിഡിൽ നിന്നും നടത്തം തുടങ്ങിയത്. മഡ്രിഡിലുള്ള ഖത്തറിന്‍റെ സ്പാനിഷ്​ എംബസി ആസ്ഥാനത്ത്​ എത്തി, അംബാസഡർ അബ്​ദുല്ലാ ബിൻ ഇബ്രാഹിം അൽ ഹാമറിനെ കണ്ട്​ അനുഗ്രഹം വാങ്ങിയായിരുന്നു സഞ്ചാരത്തിന്റെ തുടക്കം. ഏഴായിരം കിലോമീറ്റർ ദൂരം താണ്ടി 15 രാജ്യങ്ങളും കടന്ന് നവംബർ രണ്ടാം വാരത്തിൽ ഖത്തറിലെത്താനായിരുന്നു ഇദ്ദേഹത്തിന്റെ പ്ലാൻ. അതിനിടയി​ലാണ് ദുരൂഹമായി അപ്രത്യക്ഷനാവുന്നത്. 2019ൽ സ്പാനിഷ്​ സൂപ്പർ കപ്പ്​ ഫുട്​ബാളിന്​ സൗദി അറേബ്യ വേദിയായപ്പോൾ, മഡ്രിഡിൽ നിന്നും റിയാദിലേക്ക്​ സൈക്കിളിൽ യാത്ര ചെയ്ത ചരിത്രവും സാന്‍റിയാഗോക്കുണ്ട്​.

Tags:    
News Summary - Where is Santiago Sanchez Cogedor who left Spain on foot to Qatar?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.