ദോഹ: ഖത്തറിന്റെ സാംസ്കാരിക ഇടമായ കതാറയിൽ ഇന്നത്തെ പുലർവേളക്ക് ഗിന്നസിന്റെ തലയെടുപ്പുണ്ടാവും. ഈ മണ്ണിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർ ഖത്തറിന് സമ്മാനിക്കുന്ന അപൂർവമായൊരു ഗിന്നസ് റെക്കോഡ് ഇന്ന് പിറക്കും. ഏറ്റവും കൂടുതൽ രാജ്യക്കാരുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ സ്പോർട്സ് സെന്റർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യോഗാഭ്യാസത്തിനാണ് കതാറ വേദിയാവുന്നത്. കൾചറൽ വില്ലേജിലെ ആംഫി തിയറ്ററിൽ നടക്കുന്ന പ്രദർശനത്തിന് ഇതിനകംതന്നെ 120ഓളം രാജ്യങ്ങളുടെ പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി. ഓരോ രാജ്യത്തുനിന്നും രണ്ടുപേർ വീതമാണ് ആംഫി തിയറ്ററിലെ വിശാലമായ പ്രദർശന വേദിയിൽ യോഗാഭ്യാസത്തിന്റെ ഭാഗമാവുക. 112 രാജ്യക്കാരുമായി യോഗാഭ്യാസം നടത്തിയ യു.എ.ഇയുടെ പേരിലാണ് നിലവിലെ ഗിന്നസ് റെക്കോഡ്. 2017 നവംബർ 18നായിരുന്നു ദുൈബ എംഗലാറിയിൽ വെച്ച് ഗിന്നസ് റെക്കോഡ് സൃഷ്ടിച്ചത്.
ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുമായി സജീവ പങ്കാളിത്തം ഉറപ്പിച്ചാണ് വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ നേതൃത്വത്തിൽ യോഗാഭ്യാസം നടക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഖത്തർ കായിക മന്ത്രാലയം ഉൾപ്പെടെ വിവിധ മന്ത്രാലയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും യോഗാഭ്യാസത്തിന്റെ ഭാഗമാവുന്നുണ്ട്. രാവിലെ ഏഴ് മുതൽ 10 വരെയാണ് പരിപാടി.
അതിൽ 30 മിനിറ്റായിരിക്കും ഗിന്നസ് ലോക റെക്കോഡിന് വേണ്ടിയുള്ള ശ്രമം. ചരിത്ര മുഹൂർത്തം ഒപ്പിയെടുക്കാനും, അംഗീകാരം നൽകാനുമായി ഗിന്നസ് പ്രതിനിധികൾ എത്തിയതായി സംഘാടകർ അറിയിച്ചു. ഖത്തർ ലോകകപ്പിന് ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ പിന്തുണ നൽകുന്നതിന്റെ കൂടി ഭാഗമായാണ് ഗിന്നസ് റെക്കോഡിനുള്ള ശ്രമം.
യോഗയിൽ മുൻ പരിചയമില്ലാത്തവർക്കും പരിപാടിയിൽ പങ്കെടുക്കാം. ആവശ്യമായ അടിസ്ഥാന പാഠങ്ങൾ യോഗാഭ്യാസത്തിന്റെ ഭാഗമായി നൽകും. നിലവിലെ ഗിന്നസ് റെക്കോഡ് ഭേദിച്ചാൽ, പങ്കെടുത്തവർക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് നൽകും. ഇതിനു പുറമെ, യോഗാഭ്യാസ സമയത്ത് ധരിക്കേണ്ട ഡ്രസ് കിറ്റും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.