ജിദ്ദ: സൗദിയിൽ നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന കർശനമായി തുടരുകയാണ്. ഈ മാസം 18 മുതല്‍ 24 വരെ സുരക്ഷ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഏകദേശം 12,093ഓളം പേരെയാണ് പിടികൂടിയത്. ഇതിൽ 6,598ഓളം പേർ താമസ നിയമം ലംഘിച്ചവരും 4,082ഓളം പേർ അതിർത്തി സുരക്ഷ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,413ഓളം പേരും പിടിയിലായി.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 401 പേർ അറസ്റ്റിലായി. ഇവരിൽ 45 ശതമാനം യമൻ പൗരന്മാരും 53 ശതമാനം ഇത്യോപ്യക്കാരും രണ്ടു ശതമാനം പേര് മറ്റ് രാജ്യക്കാരുമാണ്. 64 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി.
താമസ, ജോലി, അതിർത്തി സുരക്ഷ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 13 പേരെയും സുരക്ഷസേന അറസ്റ്റ് ചെയ്തു. ഇതുവരെ പിടിക്കപ്പെട്ടവരിൽ 22,770 പുരുഷന്മാരും 4,513 സ്ത്രീകളും ഉൾപ്പെടെ ഡീപോര്ട്ടേഷന് സെന്ററുകളില്‍ കഴിയുന്ന 27,283 പേര്‍ക്കെതിരെ നിലവില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഇവരിൽ യാത്രാരേഖകളില്ലാത്ത 20,707 പേര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളോടും കോണ്‍സുലേറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 1,362 പേര്‍ക്ക് മടക്കയാത്ര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 6,676 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.